കോഴിക്കോട്: റോഡിലെ കുഴിയിൽ സ്കൂട്ടര്‍ ചാടി തെന്നിമാറിയതിനെ തുടർന്ന് യുവതി ലോറി കയറി മരിച്ച സംഭവത്തിൽ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ കേസെടുത്തതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ലോറി ഡ്രൈവർക്കെതിരെയും കേസെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ലോറി ഡ്രൈവർ ടി.കെ വിജയൻ, ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ബിനോജ് കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
അപകടത്തിൽ നഗ്നമായ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ജലഅതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് മരിച്ച യുവതിയുടെ ഭർത്താവ് കെ.സി അനൂപ് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കേസ് കുന്ദമംഗലം കോടതിയുടെ പരിഗണനയിലായതിനാൽ കമ്മീഷൻ പരാതി തീർപ്പാക്കി.
അപകടത്തിന് കാരണം ജലഅതോറിറ്റിയുടെ വീഴ്ചയാണെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാൽ ശക്തമായ മഴയിൽ കോൺക്രീറ്റിന്റെ ഭാഗം താഴ് ന്നുപോയതാണ് അപകടത്തിന് കാരണമെന്ന് ജലഅതോറിറ്റി കമ്മീഷനെ അറിയിച്ചു. ലോറിയുടെ ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്തതും അപകടകാരണമായതായി ജലഅതോറിറ്റി അറിയിച്ചു. യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ല.
Post Your Comments