മലപ്പുറം ജില്ലയിൽ പെരിന്തല്‍മണ്ണ താലൂക്കിലുള്ള അരക്കുപറമ്പ് ഗ്രാമത്തിലെ വെളിങ്ങോട് എന്ന സ്ഥലത്താണ് അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലും നമസ്കാരമണ്ഡപവും പ്രദക്ഷിണ വഴിയും ജലത്തിലാണുള്ളത്.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന വെളിങ്ങോട് എന്ന സ്ഥലത്ത് കുന്നിൻ മുകളിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു യോഗി താമസിച്ചിരുന്നുവത്രേ. അദ്ദേഹം തപസ്സു ചെയ്യുന്ന സമയത്ത് ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ജലത്തിലാറാടി ശ്രീപരമേശ്വര പാർവതി സാന്നിധ്യം ഉണ്ടെന്ന് അദ്ദേഹത്തിന് വെളിപാട് ഉണ്ടായി.
അതിൻപ്രകാരം ഭക്തരുടെ ശ്രേയസ്സിനായി ശ്രീ പരമേശ്വര പാർവതി സാന്നിധ്യമുള്ള ഭാഗത്ത് ചെന്ന് അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ ദേവചൈതന്യത്തിൽ ആരാധിച്ച് പൂജിച്ചു പോന്നു. ഈ “വെളിപാട്” ഉണ്ടായ സ്ഥലമാണ് പിന്നീട് ലോപിച്ച് “വെളിങ്ങോട്” ആയി മാറിയതെന്ന് പറയപ്പെടുന്നു.
ഇവിടുത്തെ പ്രതിഷ്ഠ സ്വയംഭൂവാണ്. പൂർണ്ണമായും ജലത്തിൽ വസിക്കുന്ന അർദ്ധനാരീശ്വര പ്രതിഷ്ഠ അത്യപൂർവങ്ങളിൽ അപൂർവമാണ്. രണ്ടു ശിലകൾ ചേർന്ന ഒറ്റ ശിലയായിട്ടാണ് പ്രതിഷ്ഠയുള്ളത്.
മൂർത്തി എന്നും ജലത്തിൽ വസിക്കുന്നതിനാൽ നിവേദ്യവും മറ്റും തെക്കു ഭാഗത്തായിട്ടാണ് നടത്തുന്നത്. ശിവരാത്രി ദിവസം ജലം വറ്റിച്ച് വിഗ്രഹത്തിൽ അർദ്ധരാത്രി അഭിഷേകം ഉണ്ട്. ഈ സമയത്തും നല്ല വെയിലുള്ള സമയത്ത് ജലത്തിനുള്ളിലൂടെയും മാത്രമാണ് വിഗ്രഹം ദർശിക്കാൻ സാധിക്കുന്നത്.
ശിവരാത്രി, മിഥുനമാസത്തിലെ മകം നാളിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടക്കുന്ന ഉത്സവം, ധനുമാസത്തിലെ മകം നാളിൽ തൃക്കൊടിയേറ്റ്, അഞ്ചാം നാളില്‍ തിരുആറാട്ട് ഉത്സവം എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ.
മിഥുന മാസത്തിലെ മകം നാളിൽ ഉത്സവത്തോടനുബന്ധിച്ച് മൂന്ന് ദിനം കളംപാട്ട് നടക്കാറുണ്ട്. (ഉപദേവതകളായ തിരുവളയനാട് ഭഗവതിക്കും, തിരുമാന്ധാംകുന്നിലമ്മയ്ക്കും) ഇതേ മകം നാളിലാണ് 1008 കുടം ജലാഭിഷേകവും നടക്കുന്നത്. ഭക്തർക്ക് നേരിട്ട് അഭിഷേക ജലം നല്‍കാം എന്ന പ്രത്യേകത കൂടിയുണ്ട്.
Post Your Comments