KeralaLatest NewsNews

‘ദുരുദ്ദേശമൊന്നുമില്ല, യമനിൽ എത്തിയത് സൂഫിസവും അറബിയും പഠിക്കാന്‍’; കാസർകോട് സ്വദേശിയുടെ വിശദീകരണം

കാസർകോട്: തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാസര്‍കോട് പടന്ന സ്വദേശികളായ മൂന്ന് യുവാക്കളെ കാണാതായതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഇതിൽ ഒരാളുടെ വിശദീകരണ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യമനില്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീർ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തന്റെ യാത്ര ദുരുദ്ദേശത്തോടെയായിരുന്നില്ലെന്നും പഠനത്തിനായി യമനിലെത്തിയതാണെന്നും ഷബീർ വിശിദീകരിക്കുന്നു.

യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണ് ഷബീറും കുടുംബവും ഉള്ളത്. പണ്ഡിതന്‍ ഹബീബ് ഉമറിന് കീഴില്‍ സൂഫിസവും അറബിയും പഠിക്കാന്‍ വന്നതാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കി. മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലാതെ എല്ലാ വിസ നടപടികളും പൂര്‍ത്തിയാക്കിയാണ് യമനിലേക്ക് പോയത്. കുടുംബാംഗങ്ങളുമായി സ്ഥിരം സംസാരിക്കാറുണ്ടെന്ന് ഷബീർ വീഡിയോ സന്ദേശത്തിലുടെ പറഞ്ഞു.

നാല് മാസമായി ഷെബീറിനേയും കുടുംബത്തേയും കുറിച്ച് വിവരമില്ലെന്ന് പറഞ്ഞ് ഇന്നലെ ചില ബന്ധുക്കൾ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുട‍‍ർന്നാണ് ഷെബീറിൻ്റെ വീഡിയോ പുറത്തുവന്നത്. മുഹമ്മദ് ഷബീറിനെയും കുടുംബത്തെയും കാണാനില്ലെന്ന വാർത്ത കുടുംബവും നിഷേധിച്ചു. ഷബീർ കുടുംബവുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ട്. അന്വേഷണവുമായി സഹകരിക്കുക്കാൻ തയ്യാറാണെന്ന് ഷബീറിന്റെ കുടുംബം പ്രതികരിച്ചു.

ഷബീറിനെ കൂടാതെ രണ്ട് പേരെ കൂടി കാണാതായതായി സൂചനയുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനിലെക്ക് കടന്നെന്നാണ് വിവരം. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും സൂചനയുണ്ട്. എന്നാല്‍ ഇവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്താൻ വേണ്ടി കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button