ബെയ്ജിംഗ്: ശക്തമായ കോവിഡ് നിയന്ത്രണങ്ങള്‍ (സീറോ-കോവിഡ് നയം) പിന്‍വലിച്ചതിനുപിന്നാലെ ചൈനയില്‍ കേസുകള്‍ കുത്തനെ ഉയര്‍ന്നു. ആശുപത്രികള്‍ നിറഞ്ഞു കവിയുകയും ശ്മശാനങ്ങളില്‍ സംസ്‌കാരത്തിന് സ്ഥലം ലഭ്യമല്ലാതെയാകുകയും ചെയ്യുന്ന അവസ്ഥയാണ്. കുറഞ്ഞത് 60 ശതമാനത്തോളം പേര്‍ക്കെങ്കിലും ചൈനയില്‍ അടുത്ത 90 ദിവസത്തിനുള്ളില്‍ കോവിഡ് പിടിപെടാമെന്നാണ് കണക്കാക്കുന്നത്. ഒരുവര്‍ഷത്തോളം കാത്തിരുന്ന് പതിയെ വേണമായിരുന്നു ചൈന സീറോ-കോവിഡ് നയത്തില്‍നിന്നു പിന്നോട്ടു പോകാനെന്ന അഭിപ്രായമാണ് വിദഗ്ധര്‍ പുലര്‍ത്തുന്നത്. മരുന്നുകളുടെ ക്ഷാമവും ചൈനയെ ബാധിക്കുന്നു. ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ ലഭിക്കണമെങ്കില്‍ കരിഞ്ചന്തയില്‍നിന്നു വാങ്ങണമെന്ന അവസ്ഥയാണ് ചൈനയില്‍ ഇപ്പോഴെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read Also: വിദേശ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം: വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ്
കൃത്യമായ മുന്നൊരുക്കമില്ലാതെയാണ് ചൈനീസ് സര്‍ക്കാര്‍ സീറോ-കോവിഡ് നയത്തില്‍നിന്നു പിന്നോട്ടു പോയത്. ഇത് ജനസംഖ്യയിലെ 10 ലക്ഷംപേരുടെ വരെ മരണത്തിനു കാരണമാകുമെന്നു പുതിയ പഠനം പറയുന്നു. നഗരമേഖലകളില്‍ നിന്നു ഗ്രാമങ്ങളിലേക്കും കോവിഡ് വ്യാപിക്കുകയാണ്. മൂന്നു വര്‍ഷത്തോളം അതിശക്തമായ നിയന്ത്രണങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ലോക്ഡൗണുകളും കേന്ദ്രീകൃത ക്വാറന്റൈനുകളും വന്‍തോതിലുള്ള പരിശോധനയും സമ്പര്‍ക്കപ്പട്ടിക പരിശോധിക്കലുമായി വൈറസിന്റെ വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ മാസം ആദ്യം ഈ നയത്തില്‍നിന്ന് ചൈന പിന്നോട്ടുപോയി. മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ രാജ്യം പിന്നോട്ടുപോയി. ആശുപത്രികളിലെ ഇന്റന്‍സീവ് കെയര്‍ ശേഷി വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തില്ല. ആന്റിവൈറല്‍ മരുന്നുകളുടെ സ്റ്റോക് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചില്ല – അങ്ങനെ മുന്നൊരുക്കങ്ങള്‍ നടത്താതെ ചൈന നയം പിന്‍വലിച്ചത് പാളി.
അതേസമയം,ഓരോ രാജ്യത്തെ ജനങ്ങളും വ്യത്യസ്തരാണെന്ന് ഐസിഎംആര്‍ എപിഡെമിയോളജിസ്റ്റ് ഡോ. സമിറന്‍ പാണ്ഡ പറയുന്നു. ”2020ല്‍ എന്താണോ സംഭവിച്ചത് അത് ഇനി സംഭവിക്കില്ല. കാരണം വൈറസ് എങ്ങനെ പെരുമാറുന്നുവെന്ന് ഇപ്പോള്‍ നമുക്ക് അറിയാം. ജനങ്ങളുടെ രോഗപ്രതിരോധശേഷി എങ്ങനുണ്ടെന്നും വാക്‌സീനുകളുടെ ശേഷി എത്രത്തോളമെന്നും നമുക്ക് അറിയാം. ചൈനയില്‍ വ്യാപനം ശക്തമായാലും അത്രത്തോളം ഇന്ത്യയെ ബാധിക്കുമെന്ന് കരുതുന്നില്ല” – ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഡോ. പാണ്ഡ പറഞ്ഞു.
Post Your Comments