Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife Style

മഞ്ഞുകാലത്ത് പതിവായി ഇഞ്ചി അധികം ഉപയോഗിക്കാം…

മഞ്ഞുകാലത്തിന്‍റെ പ്രത്യേകതയെന്തെന്ന് ചോദിച്ചാല്‍ വളരെ ലളിതമായി തന്നെ നമുക്ക് ഉത്തരം പറയാമല്ലോ, തണുപ്പ് തന്നെ. ചിലര്‍ക്ക് മഞ്ഞുകാലത്തെ ഈ തണുപ്പും മൂടിയ അന്തരീക്ഷവുമെല്ലാം ഇഷ്ടമായിരിക്കും. എന്നാല്‍ പലര്‍ക്കും ഇത് താല്‍പര്യമില്ലാത്ത അന്തരീക്ഷം തന്നെയാണ്.

ഇങ്ങനെ മഞ്ഞുകാലത്തോട് ഇഷ്ടക്കേട് തോന്നുന്നതിനുള്ള ഒരു പ്രധാന കാരണമാണ് ഈ സീസണില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യപ്രശ്നങ്ങള്‍. പനി, ജലദോഷം, ചുമ പോലുള്ള പല പ്രശ്നങ്ങളും മഞ്ഞുകാലത്ത് സാധാരണമാണ്. അതുപോലെ ചര്‍മ്മം വരണ്ടുപോവുക, ശരീരത്തില്‍ നിര്‍ജലീകരണം, ചുണ്ട് പൊട്ടല്‍ എന്നിങ്ങനെയുള്ള പതിവ് പ്രശ്നങ്ങള്‍ വേറെയും.

ഓരോ സീസണിലും ഇങ്ങനെ വരുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ സത്യത്തില്‍ ജീവിതരീതികളില്‍ തന്നെയാണ് നാം മാറ്റം വരുത്തേണ്ടത്. ഭക്ഷണം, വസ്ത്രം, ഉറക്കം, വ്യായാമം എന്നിങ്ങനെ പല കാര്യങ്ങളിലും സീസണ്‍ അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാവുന്നതാണ്.

മഞ്ഞുകാലത്തെ ഭക്ഷണത്തിലേക്ക് വരികയാണെങ്കില്‍ അണുബാധകള്‍ സാധാരണമാകുന്ന അന്തരീക്ഷമായതിനാല്‍ തന്നെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തി ഇവയെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് അധികവും തെരഞ്ഞെടുക്കേണ്ടത്. ഇക്കൂട്ടത്തില്‍ മുന്നിലാണ് ഇഞ്ചിയുടെ സ്ഥാനം.

ഇഞ്ചി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, ഇഞ്ചിയിലടങ്ങിയിരിക്കുന്ന ‘ജിഞ്ചറോള്‍’ എന്ന ഘടകം ശരീരത്തിലെത്തി വൈകാതെ തന്നെ അണുബാധകളെ ചെറുക്കാൻ തുടങ്ങുന്നു. ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഇഞ്ചി പെട്ടെന്നുള്ള ആശ്വാസം നല്‍കാറുണ്ട്.

കഫക്കെട്ടിന് ശമനം നല്‍കാനും ഇഞ്ചിക്ക് പ്രത്യേക കഴിവാണ്. അലര്‍ജിയുള്ളവര്‍ക്ക് പോലും ഇഞ്ചി നിര്‍ദേശിക്കുന്നത് ഇതുകൊണ്ടാണ്. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ എന്നിവയെല്ലാം മഞ്ഞുകാലത്ത് സാധാരണമാണ്. കാരണം തണുത്ത അന്തരീക്ഷത്തില്‍ ദഹനം മെല്ലെയാകുന്നത് മൂലമാണ് ഇതെല്ലാം കൂടുതലായി വരുന്നത്. ഈ പ്രയാസങ്ങളെ മറികടക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു.

ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ മഞ്ഞുകാലത്ത് അധികം ഇഞ്ചി ഉപയോഗിക്കുന്നത് നല്ലതാണ്. ഇഞ്ചിയിട്ട ചായ, ഇഞ്ചിയും കറുവപ്പട്ടയും ചേര്‍ത്ത ചായ, ഇഞ്ചിയും ഏലയ്ക്കായും ചേര്‍ത്ത ചായ എല്ലാം മഞ്ഞുകാലത്ത് പതിവാക്കാവുന്നതാണ്. മറ്റ് ഭക്ഷണങ്ങളിലും സൂപ്പുകളിലുമെല്ലാം ഇഞ്ചി ചേര്‍ത്ത് കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button