ചാരുംമൂട്: ചാരുംമൂട് കള്ളനോട്ട് കേസിൽ സിനിമ – സീരിയൽ നടനടക്കം മൂന്നുപേർ പിടിയിൽ. സിനിമ– സീരിയൽ നടൻ തിരുവനന്തപുരം നേമം പുതിയ കാരക്കമണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിദ് വീട്ടിൽ ഷംനാദ് (ശ്യാം ആറ്റിങ്ങൽ –40), കൊട്ടാരക്കര വാളകം പണക്കാട് വീട്ടിൽ ശ്യാം (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത്ത് (49) എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് 14ന് കൊല്ലം ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് അംഗവും പ്രസിഡന്റുമായിരുന്ന കൊടുവിള മുറിയിൽ ഷാജി ഭവനത്തിൽ ക്ലീറ്റസ് (49), താമരക്കുളം പേരൂർ കാരാഴ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി ഷംനാദ് ഒരു തമിഴ് സിനിമ ഉൾപ്പെടെ 3 സിനിമകളിലും 3 സീരിയിലുകളിലും അഭിനയിച്ചിട്ടുണ്ട്. കാറിൽ വരുമ്പോൾ കൊല്ലം ശാസ്താംകോട്ടയിൽ നിന്നാണ് ഷംനാദ് പിടിയിലായത്.ഇയാളുടെ പക്കൽനിന്നും കാറിന്റെ രഹസ്യ അറയ്ക്കുള്ളിൽ നിന്നുമായി 4 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.
ഈ നോട്ടുകൾ മാറി ലഭിക്കുന്ന കമ്മിഷൻ തുകയുമായി മൈസൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.ഷംനാദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നോട്ട് നിർമാണത്തിനായി ഉപയോഗിക്കുന്ന ലാപ്ടോപ്, പ്രിന്റർ, സ്കാനർ, ലാമിനേറ്റർ, നോട്ട് മുറിക്കുന്നതിനുള്ള കത്തികൾ, നോട്ടുകൾ ഒട്ടിക്കുന്നതിനുള്ള പ്രത്യേകം തയാറാക്കിയ പശ തുടങ്ങിയവ കണ്ടെത്തി. ഇതോടൊപ്പം 2000, 500, 200 എന്നീ നോട്ടുകളുടെ പ്രിന്റുകളും പൂർണമായി അടിച്ച 25,000 രൂപയുടെ കള്ളനോട്ടും കണ്ടെത്തി.
നോട്ട് അടച്ചിക്കാൻ സാങ്കേതിക സഹായം നൽകിയിരുന്നയാളാണ് അറസ്റ്റിലായ വാളകം സ്വദേശി ശ്യാം ശശി. മുൻപ് പ്രസ് ജീവനക്കാരനായിരുന്നു ശ്യാം, അറസ്റ്റിലാകുമ്പോൾ 500 രൂപയുടെ കള്ളനോട്ടുകളും കയ്യിലുണ്ടായിരുന്നു. ഷംനാദ് അച്ചടിച്ച് ക്ലീറ്റസ് വഴി എത്തിക്കുന്ന കള്ളനോട്ട് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് ചുനക്കര സ്വദേശി രഞ്ജിത്ത് ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. ഷംനാദിന് ഒൻപതാം ക്ലാസ് വിദ്യാഭ്യാസവും നോട്ട് നിർമാണത്തിൽ പങ്കാളിയായ ശ്യാം ശശിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസവും മാത്രമാണുള്ളത്. പ്രിന്റിങ് പ്രസിലെ ജീവനക്കാരനായിരുന്ന ശ്യാം അവിടെനിന്നു പഠിച്ചെടുത്ത ഡിസൈനിങ്ങാണ് കള്ളനോട്ട് നിർമാണത്തിന് ഉപയോഗപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
കള്ളനോട്ട് വിപണിയിൽ കൈമാറ്റം ചെയ്യാൻ പ്രതികൾ തിരഞ്ഞെടുത്തിരുന്നത് തിരക്കേറിയ സമയം. ലേഖ വഴിയാണ് ചാരുംമൂട്ടിലെയും പരിസര പ്രദേശങ്ങളിലെയും കടകളിൽ കള്ളനോട്ട് നൽകി പകരം സാധനങ്ങളും ബാക്കി തുകയും വാങ്ങിയിരുന്നത്. 500 രൂപയുടെ കള്ളനോട്ടുമായി കടയിലെത്തുന്ന ലേഖ 50 രൂപയിൽ താഴെയുള്ള സാധനങ്ങൾ കടയിൽ നിന്ന് വാങ്ങുകയും ബാക്കി തുക വാങ്ങി പോകുന്നതുമാണ് രീതി.
ലേഖയെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ നൽകിയ മൊഴിയിൽ ക്ലീറ്റസിനെ പരിചയപ്പെടുത്തിയതും നോട്ടുകൾ തന്നു കൊണ്ടിരുന്നതും രഞ്ജിത്താണെന്നും പറഞ്ഞു. രഞ്ജിത്തിന്റെ അറസ്റ്റോടെയാണു ഷംനാദും ശ്യാം ശശിയും അറസ്റ്റിലായത്. ഇതോടെ വൻ കള്ളനോട്ട് സംഘത്തിന്റെ ഉറവിടം പുറത്ത് വരികയായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ കള്ളനോട്ട് കേസാണ് ഇതെന്നു പൊലീസ് പറഞ്ഞു. പ്രതികൾക്ക് സംസ്ഥാനത്തിനു പുറത്തും ബന്ധമുള്ളതായി പൊലീസ് പറഞ്ഞു.
Post Your Comments