ആറന്മുള: പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഗ്രേഡ് എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡുചെയ്തു. ആറന്മുള പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തിൽ ഗ്രേഡ് എസ്.ഐ. സജീഫ് ഖാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ട പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്ന, പത്തനാപുരം സ്വദേശിയായ ഇയാള്‍ സംഭവത്തെത്തുടര്‍ന്ന് ഒളിവിലാണ്.
പോലീസ് സ്റ്റേഷന്‍ വൃത്തിയാക്കിയശേഷം ചായ ഇട്ടുകൊണ്ടിരുന്ന ജീവനക്കാരിയെ സജീഫ് ഖാന്‍ കടന്നു പിടിച്ചെന്നാണ് പരാതി. യുവതി ഒച്ചവെച്ചതിനെത്തുടര്‍ന്ന് മറ്റ് പോലീസുകാര്‍ എത്തി. ഇതോടെ സജീഫ് ഖാന്‍ അവിടെ നിന്നും സ്ഥലംവിട്ടു.യുവതി ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെന്ന് ആറന്മുള എസ്.എച്ച്.ഒ. സി.കെ. മനോജ് പറഞ്ഞു. എന്നാല്‍, പരാതി സ്വീകരിക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
അതിക്രമം നേരിട്ട യുവതി, ശനിയാഴ്ച രാവിലെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസിൽ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ.എ. വിദ്യാധരന്‍, ഡിവൈ.എസ്.പി. എസ്.നന്ദകുമാര്‍ എന്നിവര്‍ ശനിയാഴ്ച രാത്രിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments