Latest NewsInternational

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 27 പേരെ കൂടി വധശിക്ഷക്ക് വിധിച്ചു

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇരുപത്തിയേഴു പേരെക്കൂടി വധശിക്ഷക്ക് വിധിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. വധശിക്ഷക്കു വിധിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരിൽ രണ്ട് പേരെ വധ ശിക്ഷയ്ക്ക് വിധേയമാക്കി. തീര്‍ത്തും അനുചിതവും അന്യായവുമായ വിചാരണയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികള്‍ നേരിടുന്നത്. ഇത്തരത്തിലുള്ള വിചാരണക്കൊടുവിലാണ് വധശിക്ഷക്കു വിധിക്കുന്നതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

ഇറാനിയന്‍ ചീഫ് ജസ്റ്റിസ് ഗോലെംഹൊസ്സിന്‍ മൊഹ്സേനി ഈജിക്ക് എഴുതിയ കത്തിലാണ് ആംനസ്റ്റി വധശിക്ഷക്കു വിധിച്ചവരെ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ‘പ്രക്ഷോഭകാരികളില്‍ ചിലര്‍ വധശിക്ഷക്കു വിധേയരായി, ചിലര്‍ വധശിക്ഷ കാത്തിരിക്കുന്നു. നിരവധിപ്പേര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. പ്രക്ഷോഭകാരികള്‍ക്കെതിരായ ഇറാന്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ നടപടികള്‍ സംബന്ധിച്ച് ആംനസ്റ്റി ചൂണ്ടിക്കാട്ടി’. അതേസമയം ഇറാനിലെ തന്നെ ഒരു മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാണിക്കുന്നത് മുപ്പത്തൊന്‍പതോളം പ്രക്ഷോഭകാരികളെ വധശിക്ഷക്കു വിധിച്ചതായിട്ടാണ്.

വധശിക്ഷക്കു വിധിച്ച പ്രക്ഷോഭകാരികളില്‍ പലര്‍ക്കും തങ്ങളുടെ ഭാഗം പ്രതിരോധിക്കാന്‍ അഭിഭാഷകരെ ലഭിക്കുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. കുട്ടികളുടെ അവകാശത്തെ പൂര്‍ണമായും നിഷേധിക്കുന്ന വിധത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്കെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ വിധിച്ചത്. വധ ശിക്ഷക്കു വിധിച്ച പലരും ഭീകരമായ പീഡനത്തെ തുടര്‍ന്നാണ് കുറ്റമേറ്റതെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ കുറ്റമേറ്റുപറയുന്നതാണ് പ്രക്ഷോഭകാരികളില്‍ പലര്‍ക്കുമെതിരെ തെളിവായി പിന്നീട് ഇറാന്‍ കോടതി സ്വീകരിക്കുന്നത്.

ഇറാന്‍ സുരക്ഷ സൈനികരില്‍ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ചാണ് ഇരുപത്തിമൂന്ന്കാരനായ മജീദ് റേസ റഹ്‌മവാര്‍ഡിനെ വധശിക്ഷക്കുവിധിച്ചത്. അറസ്റ്റു ചെയ്യപ്പെട്ട് മൂന്നാഴ്ച്ചക്കുള്ളില്‍ തന്നെ ഇയാളെ വധശിക്ഷക്കു വിധേയനാക്കിയതായും ആംനസ്റ്റി കത്തില്‍ വിശദമാക്കി. പ്രക്ഷോഭകാരികള്‍ക്കെതിരെ വധശിക്ഷ നടപ്പാക്കിയ ആദ്യകേസും ഇയാളുടേതായിരുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. ഇറാനില്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ നടപ്പാക്കുന്ന വിചാരണ ശിക്ഷനടപടികള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണം. ഇത്തരത്തിലൂള്ള അന്യായപരമായ വിചാരണ നടപടികളില്‍ നിന്ന് പിന്മാറണം. ആംനസ്റ്റി ഇറാന്‍ ഭരണകൂടത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button