കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ഇന്നലെ രാത്രി ശ്രീധരന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വീടിന് മുന്നില്‍ പിച്ചചട്ടി സമര്‍പ്പിച്ച് പ്രതിഷേധിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് ശ്രീധരന് ഒന്‍പത് പ്രതികളുടെയും വക്കാലത്ത് ഏറ്റെടുത്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഇത് മുന്‍ നിര്‍ത്തി വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സജീവമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി എന്നിവര്‍ ശക്തമായ ഭാഷയിലാണ് സി.കെ ശ്രീധരനെതിരെ പ്രതികരിച്ചത്. സി.കെ ശ്രീധരന്റെ വഞ്ചന രാഷ്ട്രീയമായി തുറന്ന് കാട്ടുമെന്ന് കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വ്യക്തമാക്കി.
സി കെ ശ്രീധരൻ കുടുംബത്തിലെ അംഗത്തേപ്പോലെ കൂടെ നിന്ന് തങ്ങളെ ചതിച്ചുവെന്നാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബത്തിന്റെ ആരോപണം. പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെയുള്ള ഒൻപത് പ്രതികൾക്ക് വേണ്ടിയാണ് അഡ്വ. സികെ ശ്രീധരൻ വക്കാലത്ത് ഏറ്റെടുത്തത്. ഈയിടെയാണ് കോൺഗ്രസ് വിട്ട് അഡ്വ. സികെ ശ്രീധരൻ സിപിഎമ്മിൽ ചേർന്നത്
Post Your Comments