Latest NewsKeralaNews

ശബരിമല യുവതീപ്രവേശന കേസ് : രഹ്ന ഫാത്തിമയ്ക്ക് ഇളവു നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹ്‌ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രഹ്ന ഫാത്തിമ പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

read also: പ്രതിഷേധിക്കുന്ന ജനതയെ ശത്രുപക്ഷത്ത് കാണാനല്ല, പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത്: വി മുരളീധരൻ

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ താന്‍ ശബരിമലക്ക് പോകുന്നുവെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം രഹ്ന ഫാത്തിമ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രഹനയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കി.

അന്‍പതിനായിരം രൂപയുടെ ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിക്കുമ്പോള്‍ ഹാജരാകണം, കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണ് രഹ്നയ്ക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ പലതവണ രഹ്ന ഫാത്തിമ ലംഘിച്ചുവെന്നാണ് സംസ്ഥാനം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button