തിരുവനന്തപുരം: കടുത്ത ജാതി വിവേചനവും അധിക്ഷേപവും ചട്ട ലംഘനങ്ങളുമാണ് കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹൻ നടത്തുന്നുവെന്ന വിദ്യാർത്ഥികളുടെ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്ന് എഐവൈഎഫ്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന വിഷയം അതീവ ഗൗരവമുള്ളതാണെന്നും ശങ്കര്‍ മോഹനെ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്മോനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിനും എഐവൈഎഫ് പരാതി നല്‍കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.
‘ജാതി വെറിയനായ ഡയറക്ടറുടെ അങ്ങേയറ്റം മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളോട് എഐവൈഎഫ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. കെ ആര്‍ നായരാണന്‍ എന്ന മഹാനായ വ്യക്തിയുടെ പേരിലുള്ള സ്ഥാപനത്തില്‍ സമൂഹത്തിന് ചേരാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത് പുരോഗമന കേരളത്തിന് അപമാനമാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഡ്മിഷനായി നിശ്ചയിച്ചിരിക്കുന്ന എല്ലാത്തരം മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി, സംവരണത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. ഇത് ജനാധിപത്യത്തോടും ഈ നാട്ടിലെ നിയമ വ്യവസ്ഥകളോടുമുള്ള വെല്ലുവിളിയാണ്. ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ എന്നാല്‍, തന്റെയുള്ളിയെ അഴുകിയ ജാതി ചിന്ത അടിച്ചേല്‍പ്പിച്ച്, സമൂഹത്തെ പരിഹസിക്കാനുള്ള പദവിയല്ലെന്ന് ശങ്കര്‍ മോഹന്‍ മനസ്സിലാക്കണം.’- പ്രസ്താവനയില്‍ പറഞ്ഞു.
ഇനിയും ശങ്കര്‍ മോഹനെ ന്യായീകരിക്കാനാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ശ്രമമെങ്കില്‍ അദ്ദേഹത്തെയും പൊതുസമൂഹത്തിന് മുന്നില്‍ വിചാരണ ചെയ്യേണ്ടിവരുമെന്ന് എഐവൈഎഫ് കൂട്ടിച്ചേര്‍ത്തു.
Post Your Comments