അവതാര്‍ 2 കണ്ടു കൊണ്ടിരിക്കെ യുവാവ് മരിച്ചു, ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്
അമരാവതി: അവതാറിന്റെ സീക്വല്‍ ചിത്രം റിലീസ് ദിനത്തില്‍ കാണാനെത്തിയ സിനിമാ പ്രേമി ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ കകിന്ദ ജില്ലയിലുള്ള പെഡ്ഡപുരം സിറ്റിയിലാണ് സംഭവം.
അവതാറിന്റെ രണ്ടാം ഭാഗം കാണാന്‍ പോയ ലക്ഷ്മിറെഡ്ഡി ശ്രീനുവാണ് മരിച്ചത്. പെഡ്ഡപുരത്തുള്ള തീയേറ്ററിലായിരുന്നു അദ്ദേഹം സിനിമ കണ്ടത്. സഹോദരനായ രാജുവിനോടൊപ്പമാണ് സിനിമ കാണാന്‍ പോയത്. ചിത്രം കണ്ട് പകുതിയായപ്പോള്‍ ശ്രീനു കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ പെഡ്ഡപുരത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സമാനമായ സംഭവം 2010ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവതാറിന്റെ ആദ്യ ഭാഗം തീയേറ്ററില്‍ കാണുകയായിരുന്ന തായ്വാന്‍ സ്വദേശിയാണ് മരിച്ചത്. 42-കാരനായ അദ്ദേഹം സിനിമ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
Post Your Comments