രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും മുന്നേറ്റം. ഏതാനും ആഴ്ചകളായി നേരിട്ട ഇടിവിനു ശേഷമാണ് വിദേശ നാണയ ശേഖരം വീണ്ടും ഉയർന്നു തുടങ്ങിയത്. റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 2ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണയ ശേഖരം 1,102 കോടി ഡോളറാണ് ഉയർന്നത്. ഇതോടെ, ശേഖരം 56,116 കോടി ഡോളറായി. രാജ്യത്ത് വിദേശ നാണയ ശേഖരം ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും, ഇന്ത്യയുടെ നാണയ ശേഖരത്തിൽ പൗണ്ട്, യൂറോ, യെൻ എന്നിവയും അടങ്ങിയിട്ടുണ്ട്.
തുടർച്ചയായ നാലാം ആഴ്ചയാണ് വിദേശ നാണയ ശേഖരം നേട്ടത്തിലേറുന്നത്. 2022 സെപ്തംബറിൽ വിദേശ നാണയ ശേഖരം റെക്കോർഡ് ഉയരമായ 64,245 കോടി ഡോളറിൽ എത്തിയിരുന്നു. എന്നാൽ, ഒക്ടോബർ മാസത്തോടെ വിദേശ നാണയ ശേഖരം നേരിയ തോതിൽ നിറം മങ്ങിയിരുന്നു.
ഇത്തവണ വിദേശ നാണയ ആസ്തിയും ഉയർന്നിട്ടുണ്ട്. വിദേശ നാണയ ആസ്തി 969.4 കോടി ഡോളർ വർദ്ധിച്ച് 49,698.4 കോടി ഡോളറായി. അതേസമയം, കരുതൽ സ്വർണ ശേഖരം 108.6 കോടി ഡോളർ മുന്നേറി 4,102.5 കോടി ഡോളറിലെത്തി.
Post Your Comments