പാലക്കാട് : ഹണി ട്രാപ്പുകേസിൽ അറസ്റ്റിലായ പ്രശസ്ത റീൽസ് താര ദമ്പതികളായ കൊല്ലം സ്വദേശിനി ദേവുവും ഇവരുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ്. . സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്‌സ് കപ്പിൾസ് എന്നായിരുന്നു. ഈ പേരിൽ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുമുണ്ട്. അടുത്തിടെ ഇവർ ഹണി ട്രാപ്പ് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ദമ്പതികൾ ഉൾപ്പെടെ ആറ് പേർ പിടിയിലായത്.
കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വ്യവസായി വാഹനത്തിൽ നിന്ന് ഇറങ്ങിയോടി ടൗൺ സൗത്ത് സ്റ്റേഷനിലെത്തിയതോടെയാണ് സംഘം പിടിയിലാകുന്നത്. ഇയാളുടെ നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടാണ് ഇവർ വ്യവസായിയെ കുടുക്കിയതാണെന്നാണ് അന്ന് വന്ന വാർത്ത. ഇപ്പോളിതാ തങ്ങളെ കുടുക്കുകയായിരുന്നു എന്നാണ് ഇവരുടെ വാദം. അവരുടെ വീഡിയോയുടെ പൂർണ്ണ രൂപം:
ഒരു നാൽപ്പതിനായിരം രൂപയ്ക്ക് വേണ്ടി ഞങ്ങൾക്ക് ഹണി ട്രാപ്പ് ചെയ്യേണ്ട കാര്യമുണ്ടോ? ഞാൻ വേറൊരുത്തൻറെ കൂടെ പോയി എന്നൊക്കെയാണ് പറയുന്നത്. എറണാകുളത്ത് താമസിച്ചിരുന്ന തങ്ങളുടെ ഫ്ലാറ്റിലേക്ക് എത്തിയ ആൽവിൻ എന്ന വ്യക്തിയാണ് ഈ കേസിൽ കുടുക്കിയത്. ഫ്ലാറ്റ് വാങ്ങനെത്തിയ ഇയാൾ ക്യാമറാമാനാണെന്നാണ് പറഞ്ഞത്. ഫോണിൽ റീൽസ് എടുത്തിരുന്ന ഞങ്ങളോട് ക്യാമറയിൽ ഷൂട്ട് ചെയ്ത് തരാമെന്ന് പറഞ്ഞാണ് പരിചയപ്പെടുന്നത്.
നാളുകൾ കഴിഞ്ഞപ്പോൾ തങ്ങൾ അടുത്ത സുഹൃത്തുക്കളായി. അനിയനെ പോലെയാണ് ആൽവിനെ കണ്ടിരുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന തന്നോട് സുഹൃത്തിന് പാലക്കാട് ഒരു വീട് എടുത്ത് കൊടുക്കണമെന്ന് ആൽവിൻ ആവശ്യപ്പെടുകയായിരുന്നെന്ന് ഗോകുൽ പറയുന്നു. സിദ്ധാർഥ് എന്നാണ് സുഹൃത്തിൻറെ പേര് പറഞ്ഞത്. എന്നാൽ അറസ്റ്റിലായപ്പോഴാണ് അയാളുടെ പേര് ശരത്താണെന്ന് വ്യക്തമാകുന്നത്. താൻ ബിസിനസിന് പോകുമ്പോൾ ദേവുവിനെ കൂട്ടാറില്ല. എന്നാൽ, പാലക്കാട് പോകുമ്പോൾ ദേവുവിനെ കൂട്ടാൻ അയാളാണ് പദ്ധതി ഇടുന്നത്. ഓണവുമായി ബന്ധപ്പെട്ട റീൽസ് പാലക്കാട് നിന്ന് ഷൂട്ട് ചെയ്യാമെന്നാണ് ആൽവിൻ പറഞ്ഞത്. ഇതനുസരിച്ചാണ് ദേവുവിനെയും കൂടെ കൂട്ടുന്നതെന്നും ഗോകുൽ പറയുന്നു.
കൽപ്പാത്തിയിൽ നിന്ന് ഓണത്തിൻറെ ഷൂട്ട് ചെയ്യാമെന്നാണ് പറഞ്ഞത്. നിങ്ങളുടെ വണ്ടി എടുക്കണ്ട ശരത്തിൻറെ വണ്ടിയിൽ പോയ്ക്കോളു. എൻറെ അടുത്ത സുഹൃത്താണെന്ന് ആൽവിൻ പറഞ്ഞു. പിറ്റേന്ന് താൻ വന്ന് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞാണ് ഞങ്ങളെ അയക്കുന്നത്. ഷൂട്ടിന് വേണ്ട വസ്ത്രങ്ങളുമായാണ് ഞങ്ങൾ പാലക്കാടേക്ക് പോയത് പോലീസ് പിടിക്കുമ്പോഴും ഇതെല്ലാം തങ്ങളുടെ കൈയ്യിലുണ്ടായിരുന്നു.
അതേസമയം ദേവുവിന്റെ വാക്കുകൾ ഇങ്ങനെ, ഒഴിഞ്ഞ കാടിന് നടുവിലായിരുന്നു എന്നെ ആദ്യം കൊണ്ട് പോയ വീട്. ഗോകുലിനെ വേറെ സ്ഥലത്തേക്കാണ് കൊണ്ട് പോയത്. പിറ്റേന്ന് ഭക്ഷണം കൊണ്ട് വന്നപ്പോൾ ഗോകുലിനെ കാണണമെന്ന് പറഞ്ഞു. അപ്പോൾ ഫോൺ തന്ന് വിളിക്കാൻ അനുവാദം നൽകി. വിളിച്ചപ്പോൾ കണക്ട് ആയില്ല. ഉടനെ ഞാൻ ലൊക്കേഷനും വീഡിയോയും ഗോകുലിന് അയച്ചു. ഇത് കണ്ട് കയറി വന്ന ശരത്ത് എൻറെ മുഖത്തടിച്ചു. ഞങ്ങളുടെ കാര്യങ്ങൾ തകർക്കാൻ ശ്രമിക്കുവാണോ എന്ന് ചോദിച്ചാണ് തല്ലിയത്. പിന്നീട് അര മണിക്കൂറിന് ശേഷം വന്ന് എന്നെ പിടിച്ച് വലിച്ച് വാഹനത്തിൽ കയറ്റി വേറെ ഒരു വീട്ടിലേക്ക് കൊണ്ട് വന്നു.
ആ വീട്ടിൽ നിറയെ ആണുങ്ങളുണ്ടായിരുന്നു. ഇവരെന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയന്നിരുന്നു. പക്ഷേ ഒന്നും ചെയ്തില്ല. ഒരു മുറിയിൽ പൂട്ടിയിട്ടു. രണ്ട് മൂന്ന് ദിവസത്തേക്ക് വെള്ളം മാത്രമാണ് തന്നത്. മൂന്ന് ദിവസം കഴിഞ്ഞപ്പോ വന്ന് ഫോൺ തന്ന് ഗോകുൽ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ആൽവിനും ആ സമയത്ത് ഉണ്ടായിരുന്നു. ഉടൻ തന്നെ നീ ഞങ്ങളെ പെടുത്തിയോ എന്ന് ആൽവിനോട് ചോദിച്ചു. പിന്നെ എനിക്ക് ഫോൺ തന്നിട്ടില്ല. പിന്നെ ഗോകുലിനെ കാണുന്നതും പോലീസ് പിടിക്കുന്ന അന്നാണ്. പുറത്ത് എന്താണ് നടക്കുന്നതെന്ന് ഒന്നും അറിഞ്ഞില്ല. പിന്നെ ഭർത്താവിനടുത്തേക്ക് എന്ന് പറഞ്ഞു എന്നെയും കൂട്ടി വേറെ വീട്ടിലേക്ക് കൊണ്ടുപോയി.
അവിടെയും കുറച്ച് ആണുങ്ങൾ ഉണ്ടായിരുന്നു. എല്ലാവരും മുഖംമൂടി ഇട്ടിരുന്നു. തുടർന്ന് ഒരാളെ വിളിച്ച് വീട്ടിലേക്ക് വരാൻ പറയാൻ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. അന്ന് അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ആരെ, എന്തിന് എന്നൊന്നും പറഞ്ഞില്ല. പിന്നെ ഞാൻ ഒരിടത്ത് ഇരിക്കുമ്പോൾ അയാൾ എനിക്ക് നേരെ വെടിയുതിർത്തു. ആ സമയത്താണ് അയാളുടെ കൈയ്യിൽ തോക്കുണ്ടെന്ന് ഞാൻ അറിയുന്നത്. പിന്നെ ഫോൺ തന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ വിളിച്ചു. അപ്പോ അയാൾ നീ എവിടാണെന്നാണ് ചോദിച്ചത്. പിന്നീട് ഇന്ന സ്ഥലത്തേക്ക് വരാൻ പറയാൻ പറഞ്ഞു. ഇതിനിടയിൽ ശരത്ത് പറഞ്ഞത് കേട്ടില്ലെങ്കൽ നിൻറെ വീഡിയോ എടുത്ത് എല്ലാവരിലേക്കും എത്തിക്കുമെന്ന് ആൽവിൻ പറഞ്ഞിരുന്നു.
പിന്നീട് അയാൾക്ക് ഇവർ തന്നെ ലൊക്കേഷൻ അയച്ച് കൊടുത്തു. അയാൾ വീട്ടിലേക്ക് വരുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. പരിചയമുള്ള ഒരു പെണ്ണിനോട് ഒരു പുരുഷൻ എങ്ങനെയാണോ സംസാരിക്കുന്നത് അത് പോലെയാണ് അയാൾ സംസാരിച്ചത്. പിന്നെ ദേഹത്ത് പിടിക്കാൻ വന്നപ്പോൾ ഞാൻ ബഹളം വെച്ചു. ആ സമയത്ത് അയാളും പേടിച്ച് പോയി. അയാൾ വരുമ്പോൾ മാറി നിന്ന മറ്റുള്ളവരൊക്കെ ഈ സമയം കയറിവന്നു. അനാവശ്യ കാര്യം നടക്കുന്ന സ്ഥലത്ത് എന്ന പോലെ അവർ ചോദ്യം ചെയ്തു. അയാൾക്ക് അവരെ അറിയില്ലായിരുന്നു. ആ മനുഷ്യനെയും അവർ ഉപദ്രവിച്ചു.
തുടർന്ന് ഫോണിൽ വീഡിയോ എടുത്തു ആ സമയത്ത് ഞാൻ പുറത്ത് നിൽക്കുവാണ്. പിന്നീട് ഞാൻ അപ്പുറം ഇരുന്ന് കരയുന്ന വീഡിയോയും എടുത്തു. പക്ഷേ അയാൾക്കൊപ്പം നഗ്ന വീഡിയോ എടുത്തെന്നായിരുന്നു വാർത്ത. വെറും 15 മിനിറ്റാണ് ആ മനുഷ്യനെ ആകെ കാണുന്നത്. പിറ്റേന്ന് വണ്ടിയിൽ കയറ്റി എറണാകുളത്തെ ഫ്ലാറ്റിനടുത്തേക്ക് കൊണ്ടുവന്നു. ഇവിടെ ഇറക്കുമെന്ന് കരുതിയെങ്കിലും മറ്റൊരു വണ്ടിയിൽ കയറ്റി എറണാകുളത്ത് തന്നെ വേറെ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. ആ റൂമിലും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിദ്ധാർഥ് വന്നിട്ടാണ് പോലീസ് വരുമെന്നും ഗോകുലിനെ വിളിക്കാനും പറഞ്ഞത്. അപ്പോഴും എന്താണ് സംഭവിച്ചത് അറിയില്ലായിരുന്നു.
ഗോകുലിനെ വിളിച്ച് വരാൻ പറഞ്ഞ് ലൊക്കേഷൻ അയച്ചു. ഗോകുൽ എത്തുമ്പോഴേക്കും ഒരു സ്ത്രീയും അഞ്ചാറ് പേരു സ്ഥലത്തെത്തി. ആ സ്ത്രീ വന്ന ഉടൻ എന്നെ അടിച്ചു. ഇന്നലെ എന്തിനാണ് പാലക്കാട് പോയതെന്ന് ചോദിച്ചായിരുന്നു തല്ലിയത്. പിന്നീട് വാഹനത്തിലേക്ക് കൊണ്ടുപോയി. ഒപ്പമുള്ളവരെ വിലങ്ങ് വച്ചപ്പോഴാണ് പോലീസാണെന്ന് അറിഞ്ഞതെന്നും ദേവു പറയുന്നു. ഇപ്പോൾ സത്യാവസ്ഥ അറിയാതെ പലരും കുറ്റം പറയുകയാണെന്നും നാല് ദിവം പ്രായമുള്ള ചേട്ടന്റെ കുട്ടിയെയും പോലും വെറുതെ വിടുന്നില്ല, നാല് ദിവസം പ്രായമുള്ള ആ കുഞ്ഞ് എന്ത് പിഴച്ചു എന്നും ദേവു ചോദിക്കുന്നു.
Post Your Comments