പാലക്കാട്: വനവാസി ഊരിലെ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കെട്ടി ചുമന്ന്. അര്‍ദ്ധ രാത്രിയില്‍ മൂന്നര കിലോമീറ്ററാണ് ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്നത്. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. ആംബുലന്‍സ് ലഭ്യമല്ലാത്തതിനാലാണ് കടുകമണ്ണ ഊരിലെ യുവതിയെ ഈ രീതിയില്‍ എത്തിക്കേണ്ടി വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതി ആശുപത്രിയിലെത്തിയ ശേഷം പ്രസവിച്ചു.
ആംബുലന്‍സ് ലഭിക്കാത്തതും റോഡിന്റെ ശോചനീയാവസ്ഥയുമാണ് ഗര്‍ഭിണിയെ തുണിയില്‍ ചുമക്കേണ്ട ദുരവസ്ഥയിലേക്ക് ബന്ധുക്കളെ കൊണ്ടെത്തിച്ചത്. അര്‍ദ്ധരാത്രി യുവതിയ്ക്ക് പ്രസവവേദന വന്നതോടെ ബന്ധുക്കള്‍ ,ബന്ധപ്പെട്ട അധികൃതരോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂര്‍ ആംബുലന്‍സിനായി കാത്തിരുന്നെങ്കിലും ലഭിക്കാതെ വന്നതോടെയാണ് യുവതിയെ തുണിയില്‍ കെട്ടി ചുമന്ന് മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ചത്.
ആശുപത്രിയിലെത്തിയ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വൈദ്യുതിയും മതിയായ റോഡ് സൗകര്യവും ഇതു വരെ എത്താത്ത അട്ടപ്പാടിയിലെ ഒമ്പത് ഊരുകളിലൊന്നാണ് കടുകമണ്ണ. സൈലന്റ് വാലിയോട് ചേര്‍ന്നുള്ള മുരുകളയിലാണ് ഈ ഊരുകള്‍ സ്ഥിതി ചെയ്യുന്നത്.
Post Your Comments