
മലപ്പുറം : മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത സ്വര്‍ണം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത സ്വര്‍ണം നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതാണെന്ന് ഇ.ഡി വ്യക്തമാക്കി. അബൂബക്കര്‍ പഴേടത്ത് എന്നയാളുടെ നാല് ജ്വല്ലറികളിലും വീട്ടിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. കോണ്‍സുലേറ്റ് കടത്തില്‍ പിടികൂടിയ മൂന്ന് കിലോ സ്വര്‍ണം ഇയാളുടേതായിരുന്നു എന്നാണ് കണ്ടെത്തല്‍.
മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമായ അബൂബക്കര്‍ പഴേടത്തിന്റെ സ്വകാര്യ കേന്ദ്രത്തിലെ രഹസ്യ അറയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നേരത്തെ ആറ് കിലോ സ്വര്‍ണം ഇത്തരത്തില്‍ കടത്തിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സഹായത്തോടെയാണ് 6 കിലോ സ്വര്‍ണം ഇയാള്‍ കടത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ ഇയാളുടെ ജ്വല്ലറികളിലും വീട്ടിലും റെയ്ഡ് നടത്തിയത്. തുടര്‍ന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് കിലോ സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. വീട്ടില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച അഞ്ച് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൂന്നേമുക്കാല്‍ ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ഈ കേസിന് ബന്ധമുണ്ടെന്ന് ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അബൂബക്കര്‍ പഴേടത്ത് നയതന്ത്ര സ്വര്‍ണക്കടത്തിലെ പ്രധാനിയാണെന്നും പറയുന്നുണ്ട്.
Post Your Comments