ന്യൂഡല്‍ഹി: കുഞ്ഞിന് ജന്മം നൽകുന്നതിൽ അമ്മയുടെ തിരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ഡൽഹി ഹൈക്കോടതി. 33 ആഴ്ച ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കൊണ്ട് ജസ്റ്റിസ് പ്രതിഭ സിങിന്റെയാണ് നിരീക്ഷണം. 26 കാരിയുടെ ഹർജി പരിഗണിച്ച കോടതി യുവതിക്ക് മെഡിക്കൽ അബോർഷൻ നടത്താൻ അനുമതി നൽകി. ഡോക്ടർമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.
ഭ്രൂണം നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ഡോക്ടർമാരുടെ സമിതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതി ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷം ഭ്രൂണം നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു. 33 ആഴ്ച പ്രായമുള്ള തന്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് ഹർജിക്കാരിയായ യുവതി ആവശ്യപ്പെട്ടത്. നവംബർ 12 ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തി. ഇത് ഉറപ്പിക്കാൻ നവംബർ 14 ന് മറ്റൊരു ആശുപത്രിയിലും പരിശോധിച്ചു. അതിലും സെറിബ്രല്‍ ഡിസോര്‍ഡര്‍ കണ്ടെത്തി. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.
ഗർഭധാരണം മുതൽ നിരവധി പരിശോധനകൾ നടത്തിയിരുന്നതായി ഹർജിയിൽ പറയുന്നു.
Post Your Comments