മതപരിവർത്തനത്തിന് ശേഷം മുമ്പ് ലഭിച്ചിരുന്ന ജാതിസംവരണത്തിന് അർഹതയുണ്ടാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പിന്നോക്ക ഹിന്ദു വിഭാഗത്തിൽനിന്നും ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം നടത്തിയ വ്യക്തിയുടെ ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. സർക്കാർ ജോലിയിൽ തനിക്ക് മുമ്പ് ലഭിച്ചിരുന്ന സംവരണാനുകൂല്യം ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇയാളുടെ ഹർജി. എന്നാൽ, മതപരിവർത്തനത്തിന് ശേഷം മുമ്പ് ലഭിച്ചിരുന്ന ജാതിസംവരണത്തിന് അർഹതയുണ്ടാകില്ലെന്ന് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മതപരിവർത്തനം നടത്തിയാൽ മുൻപ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ തുടർന്നും നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മതം മാറിയവരുടെ സംവരണം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഈ വിഷയത്തിൽ ഹൈക്കോടതിക്ക് പ്രത്യേക തീരുമാനം എടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ പറഞ്ഞു.
ഹിന്ദു മതത്തിൽപ്പെട്ട യുവാവ് 2008 ൽ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മതപരിവർത്തനം ഇയാൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും സമുദായ സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തിരുന്നു. 2018ൽ ഇയാൾ തമിഴ്നാട് പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ പരീക്ഷ എഴുതി. എന്നാൽ അന്തിമ പട്ടികയിൽ കയറിയില്ല. വിവരാവകാശ പ്രകാരം തന്നെ പൊതുവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിക്കാരന് വ്യക്തമായി.
ഇതിനെ ചോദ്യം ചെയ്താണ് ഇയാൾ കോടതിയെ സമീപിച്ചത്. തമിഴ്നാട്ടിൽ ഇസ്ലാം മതത്തെ പിന്നോക്ക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കൂടാതെ മതപരിവർത്തനത്തിന് മുമ്പ് താൻ പിന്നോക്ക വിഭാഗക്കാരനായിരുന്നെന്നും അതുകൊണ്ട് തനിക്ക് സംവരണത്തിന് അർഹതയുണ്ടെന്നുമാണ് പരാതിക്കാരൻ കോടതിയിൽ വാദമുന്നയിച്ചത്.
Post Your Comments