തിരുവനന്തപുരം: കാലാവസ്ഥാമാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തിന് ചൊവ്വാഴ്ച്ച കോവളത്ത് തുടക്കമാകും. അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ, കേന്ദ്ര സർക്കാരിലെയും വിവിധ സംസ്ഥാന സർക്കാരുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, യുവജന, സന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ മൂന്നു ദിവസങ്ങളിലായി പങ്കെടുക്കും.
Read Also: ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ: ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സമ്മേളനം നാളെ (ഡിസംബർ 7) രാവിലെ 11.30ന് കോവളം ലീലാ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകബാങ്ക് ദക്ഷിണേഷ്യ റീജിയണൽ ഡയറക്ടർ ജോൺ എ റൂം, ഇന്റർനാഷണൽ സോളാർ അലയൻസ് ചീഫ് ഓഫ് ഓപ്പറേഷൻസ് ജോഷ്വ വൈക്‌ളിഫ്, ഫ്രഞ്ച് വികസനബാങ്കായ എഎഫ്ഡി കൺട്രി ഡയറക്ടർ ബ്രൂണോ ബോസ്ലെ, എം വിൻസന്റ് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ വി പി ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു, അഡീഷണൽ ചീഫ് സെക്രട്ടറിയും റീബിൽഡ് കേരള സിഇഒയുമായ ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുക്കും.
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കർമപദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രകാശനം ചെയ്യും. ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡി കേരളത്തിന് അനുവദിക്കുന്ന 865.8 കോടിയുടെ വികസന വായ്പാ പദ്ധതി കരാർ ഒപ്പുവയ്ക്കും. അതിജീവനക്ഷമമായ വളർച്ചയ്ക്ക് ദേശീയ, പ്രാദേശിക നേതൃത്വം എന്ന സെഷനിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് സെക്രട്ടറി ലീന നന്ദൻ, ലോകബാങ്ക് പ്രാക്ടീസ് മാനേജർ അഭസ് ഝാ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അസം ചീഫ് സെക്രട്ടറി പബൻ ബോർതാകർ തുടങ്ങിയവർ നേതൃത്വം നൽകും.
കാലാവസ്ഥാ മാറ്റത്തിന്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ഫണ്ടിങ് ഏജൻസികളുടെ പങ്കും മാറുന്ന മുൻഗണനയും, ഈജിപ്തിൽ നടന്ന ലോക കാലാവസ്ഥാസമ്മേളനം (COP27) തുടങ്ങിയ വിവിധ സെഷനുകളും ഉണ്ടാകും. ഏഴാം തീയതി വൈകിട്ട് 7.30ന് കോവളം താജ് ഗ്രീൻ കോവ് റിസോർട്ടിൽ നടക്കുന്ന സമ്മേളനത്തിൽ യുഎൻ പരിസ്ഥിതി പരിപാടിയുടെ ഇന്ത്യ ഗുഡ് വിൽ അംബാസഡർ ദിയ മിർസ പങ്കെടുക്കും. എട്ടാം തീയതി ജന കേന്ദ്രീകൃത കാലാവസ്ഥ സേവനം, കാലാവസ്ഥ ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബഹുമുഖ പ്രവർത്തന പരിപാടി, ക്ലൈമറ്റ് സ്മാർട്ട് നിക്ഷേപം തുടങ്ങിയ സെഷനുകളാണ്. എട്ടിന് 3.45ന് സമാപന സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നീതി ആയോഗ് സിഇഒ. പരമേശ്വരൻ അയ്യർ, ഡോ വി വേണു, രാജശ്രീ റായി, ദീപക് സിങ് എന്നിവർ പങ്കെടുക്കും.
Read Also: ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തവർ സൂക്ഷിക്കുക, സ്വകാര്യ വിവരങ്ങൾ ചോർത്തിയേക്കും
Post Your Comments