വാഗ്ദാനങ്ങളിൽ ആകർഷണീയരായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ പരിചയമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്തവർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെക് ലോകം. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡ് മാൽവെയർ, ഫിഷിംഗ്, ആഡ്‌വെയർ ആപ്പുകളുടെ ഒരു കൂട്ടം അപകടകരമായ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഏകദേശം 20 ലക്ഷത്തോളം പേരാണ് ഇത്തരം ആപ്പുകൾ തെറ്റിദ്ധരിക്കപ്പെട്ട് ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.
ഡോ. വെബ് എന്ന ആന്റിവൈറസാണ് ഫോണുകളിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരത്തിലുള്ള ആപ്പുകളെ കണ്ടെത്തിയിരിക്കുന്നത്. ‘ട്യൂബ് ബോക്സ്’ എന്ന ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അവ അൺഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകദേശം ഒരു ദശലക്ഷത്തിലധികം ഡൗൺലോഡുകളാണ് ഈ ആപ്പിന് ലഭിച്ചിരിക്കുന്നത്. അനുവാദമില്ലാതെ പരസ്യങ്ങൾ കാണിക്കുക, ഫോണിലുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുക തുടങ്ങിയവയാണ് ഈ ആപ്പുകൾ പ്രധാനമായും ചെയ്യുന്നത്. ഉപയോക്താക്കൾ അറിയാതെ, മാൽവെയറുകൾക്ക് ഇടം നൽകാനുള്ള പ്രത്യേക സംവിധാനവും ഇത്തരം ആപ്പുകൾ ഒരുക്കുന്നുണ്ട്.
ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ട്യൂബ് ബോക്സിൽ നിരവധി വീഡിയോകളും പരസ്യങ്ങളും കാണുന്നതിന് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, റിവാർഡ് റെഡീം ചെയ്യുന്നതിനായി എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാലും ഉപയോക്താവിന്റെ അക്കൗണ്ടുകളിലേക്ക് പണം ലഭിക്കുകയില്ല. ഇത് ഇത്തരം ആപ്പുകളുടെ തന്ത്രമായാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനവധി ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.
Post Your Comments