സവോ പോളോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. താൻ ഊർജ്ജസ്വലനായിരിക്കുന്നുവെന്നും പ്രതീക്ഷയുണ്ടെന്നും പെലെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലോകമെമ്പാടുമുളള അദ്ദേഹത്തിന്റെ ആരാധകരോടായി അറിയിച്ചു.
‘എന്റെ സുഹൃത്തുക്കളേ, എല്ലാവരേയും ശാന്തമായും പോസിറ്റീവായും നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ശക്തനാണ്, വളരെയധികം പ്രതീക്ഷയുണ്ട്. പതിവുപോലെ ഞാൻ എന്റെ ചികിത്സ പിന്തുടരുന്നു. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മുഴുവൻ മെഡിക്കൽ, നഴ്സിംഗ് ടീമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു’.
‘എനിക്ക് ദൈവത്തിൽ വളരെയധികം വിശ്വാസമുണ്ട്. ലോകമെമ്പാടുമുള്ള നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ ഓരോ സന്ദേശവും എന്നെ ഊർജ്ജസ്വലനാക്കുന്നു. ലോകകപ്പിൽ ബ്രസീലിന്റെ പോരാട്ടം കാണുക! എല്ലാത്തിനും വളരെ നന്ദി’ പെലെ പറഞ്ഞു.
അര്‍ബുദ ചികിത്സയിലുളള ബ്രസീലിയന്‍ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയാതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന 82 വയസുകാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്.
Read Also:- ഹിജാബ് ധരിക്കാതെ മത്സരിച്ച അത്‌ലറ്റ് എല്‍നാസ് റെക്കാബിയുടെ വീട് ഇറാന്‍ ഭരണകൂടം തകര്‍ത്തു
2021ൽ പെലെയുടെ വൻകുടലിനെ ബാധിച്ച ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്ഥിരമായി പെലെ പ്രത്യേക പരിശോധനകൾ നടത്തിവരികയാണ്. ആരോഗ്യ നില പരിശോധിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പെലെയ്ക്ക് കരളിൽ അണുബാധയേറ്റതായി കണ്ടെത്തിയിരുന്നു.
Post Your Comments