ദോഹ: ഖത്തർ ലോകകപ്പിൽ വമ്പന്മാരായ ബ്രസീലിനെ അട്ടിമറിച്ച് കാമറൂണിന് വിരോചിത മടക്കം. ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കാമറൂൺ സ്വന്തമാക്കിയത്. ബ്രസീൽ നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. സെർബിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം നേടി സ്വിറ്റ്സർലാൻഡും അവസാന 16ലേക്ക് കുതിച്ചു.
വിൻസെന്റ് അബൂബക്കർ നേടിയ മിന്നും ഗോളിലാണ് കാമറൂൺ എക്കാലവും ഓർത്തിരിക്കാനാവുന്ന വിജയം പേരിലെഴുതിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആന്റണി, പിന്നീട് മാർട്ടിനെല്ലി, റോഡ്രിഗോ എന്നിവരുടെ അതിവേഗ നീക്കങ്ങൾക്ക് തടയിടാൻ കാമറൂൺ നന്നേ പണിപ്പെട്ടു. പലപ്പോഴും ഫൗളുകളിലൂടെയാണ് കാമറൂൺ അപകടം ഒഴിവാക്കിയത്.
ആദ്യ പകുതിയിലെ ഇഞ്ചുറി സമയത്ത് തന്നെ ബ്രസീലിന്റെ ബോക്സിലും കാമറൂണിന്റെ വക അതിഗംഭീര കടന്നാക്രമണം നടന്നു. ഗമേലുവിന്റെ ക്രോസിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന് എംബുമോ ഹെഡ് ചെയ്തെങ്കിലും ഒരു ഫുൾ ലെംഗ്ത് ഡൈവിലൂടെ എഡേഴ്സൺ പന്ത് വലയിൽ കയറാതെ സംരക്ഷിച്ചു.
ഇഞ്ചുറി ടൈമിലാണ് കാമറൂൺ കാനറികളുടെ ചിറകരിഞ്ഞ ഗോൾ സ്വന്തമാക്കിയത്. നായകൻ വിൻസെന്റ് അബൂബക്കറിന്റെ(90+2) തലപ്പാകത്തിനാണ് എംബെക്കലിയുടെ ക്രോസ് എത്തിയത്. എഡേഴ്സണെ വെറും നോക്കുകുത്തിയാക്കി അബൂബക്കർ പന്ത് ഗോൾ വര കടത്തി. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ സെർബിയൻ സ്വപ്നങ്ങൾക്ക് മേൽ പടർന്നു കയറി സ്വിസ്സിന് വേണ്ടി 20-ാം മിനിറ്റിൽ തന്നെ ഷാഖിരി ആദ്യ പ്രഹരം ഏൽപ്പിച്ചു. സൗവ്വിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.
എന്നാൽ, ആറ് മിനിറ്റുകൾ ശേഷം സെർബിയ ഗോൾ തിരിച്ചടിച്ചു. ടാഡിച്ചിന്റെ ക്രോസിൽ ഹെഡ്ഡറിലൂടെ ഗോൾ നേടിയ മിട്രോവിച്ച് സെർബിയയുടെ എക്കാലത്തെയും ടോപ്പ് സ്കോറർ എന്ന നേട്ടവും കൂടെ പേരിലെഴുതി. സമനില ഗോളിന്റെ ആരവം ഗാലറിയിൽ ഒടുങ്ങുന്നതിന് മുമ്പ് വ്‍ലാഹോവിച്ചിലൂടെ സെർബിയ മുന്നിലെത്തി.
Read Also:- പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം : തീ അണച്ചത് നാല് ഫയർ യൂണിറ്റെത്തി
ഒന്ന് വിയർത്തെങ്കിലും ആദ്യ പകുതിയിൽ തന്നെ സമനില കണ്ടെത്തിയാണ് സ്വിസ് നിര തിരികെ കയറിയത്. 44-ാം മിനിറ്റിൽ എംബോളോയാണ് സ്വിറ്റ്സർലാൻഡിന്റെ രക്ഷകനായത്. ആദ്യ പാതിയിൽ നിർത്തിയിടത്ത് നിന്നാണ് സ്വിസ് സംഘം രണ്ടാം പകുതിയിൽ തുടങ്ങിയത്. വർഗാസ് ഒരുക്കി തന്ന അവസരത്തിൽ ഫ്രൂളർക്ക് ലക്ഷ്യം പിഴച്ചില്ല, സ്വിറ്റ്സർലാൻഡ് മുന്നിലെത്തി. അവസാന നിമിഷം വരെ പൊരുതിയെങ്കിലും സെർബിയക്ക് ഗോൾ നേടാനായില്ല.
Post Your Comments