തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ നിര്‍ണ്ണായക ഹൈക്കോടതി വിധി വരാനിരിക്കെ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. തീരദേശത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രദേശത്ത് കലാപ സാധ്യത മുന്നില്‍ കണ്ട് മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ പോലീസിനെ വിഴിഞ്ഞത്തേയ്ക്ക് എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി വിഴിഞ്ഞത്തും പോലീസ് സ്റ്റേഷന്‍ പരിസരത്തും 700 പോലീസുകാരെയാണ് അധികമായി ഏര്‍പ്പെടുത്തിയത്.കൂടാതെ തീരത്ത് അക്രമ സാധ്യത നിലനില്‍ക്കുന്ന സ്റ്റേഷനുകളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം,അഞ്ചുതെങ്ങ്, പുന്തുറ, കൊച്ചുതുറ , സ്റ്റേഷന്‍ പരിധികളില്‍ 250 ഓളം അധിക പോലീസിനെയും വിന്യസിക്കും.<
കഴിഞ്ഞ ദിവസങ്ങളിലെ പോലുള്ള അക്രമ സാഹചര്യം ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് . അതേസമയം വരും ദിവസങ്ങളില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് ജെ നെറ്റോ,സഹായ മെത്രാന്‍ ആര്‍ ക്രിസ്തുദാസ്, വികാരി ജനറല്‍ യൂജിന്‍ പെരേര , തീയോഡീഷ്യസ് തുടങ്ങിയ വൈദികന്മാര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.
ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് പോലീസ് സുരക്ഷാക്രമീകരണം ശക്തമാക്കിയത്.
Post Your Comments