തിരുവനന്തപുരം: വിദ്യയുടെയും മകളുടെയും തിരോധാനക്കേസ് കൊലപാതകമെന്ന് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഊരൂട്ടമ്പലം. 11 വര്‍ഷം മുമ്പ് അമ്മയേയും കുഞ്ഞിനേയും കാണാതായ കേസാണ് ഇപ്പോള്‍ കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. വെള്ളൂര്‍കോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വിദ്യയേയും മകള്‍ ഒന്നര വയസ്സുകാരി ഗൗരിയേയും 2011 ഓഗസ്റ്റ് 18 നാണ് കാണാതായത്. പ്രണയിച്ച് വീടുവിട്ടിറങ്ങിയ ദിവ്യയേയും മകളേയും വേളാങ്കണ്ണിയിലേക്കെന്ന് പറഞ്ഞാണ് മാഹിന്‍ കണ്ണ് കൊണ്ടുപോയത്. പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും വീട്ടുകാർക്കും നാട്ടുകാർക്കും ലഭിച്ചിരുന്നില്ല. മകളെ കാണാനില്ലെന്ന് കാട്ടി വിദ്യയുടെ അമ്മ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല.
മനുവെന്ന പേരിലാണ് മാഹിന്‍ വിദ്യയുമായി അടുപ്പത്തിലാവുന്നത്. വിദ്യ ഗര്‍ഭിണിയായതോടെ മാഹിന്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. വിദ്യ പ്രസവിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് മാഹിന്‍ തിരികെയെത്തുന്നത്. തുടര്‍ന്ന് വിദ്യയും കുഞ്ഞും മാഹിനും ഊരൂട്ടമ്പലത്ത് താമസം തുടങ്ങി. ഇവിടെ വെച്ചാണ് മാഹിന്‍ ഭാര്യയും കുഞ്ഞുമുണ്ടെന്ന് വിദ്യ അറിഞ്ഞത്. ഇത് മാഹിന്റെ കുടുംബവും അറിഞ്ഞതോടെ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. 2011 ഓഗസ്റ്റ് 18 വൈകിട്ടാണ് മാഹിന്‍ വിദ്യയേയും മകളേയും കൂട്ടികൊണ്ടുപോകുന്നത്. ഇരുവരും പോകുന്നത് വിദ്യയുടെ സഹോദരി ശരണ്യ കണ്ടതാണ് കേസിലെ പ്രധാന വഴിത്തിരിവ്.
തുടര്‍ന്ന് മാഹിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ആദ്യം പൂവാറിലും പിന്നീട് വേളാങ്കണ്ണിയിലേക്കും പോവുകയാണെന്ന മറുപടി ലഭിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും ഇവരെ കാണാതെ വന്നതോടെ മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലും മാഹിന്റെ സ്വദേശമായ പൂവാര്‍ സ്റ്റേഷനിലും വിദ്യയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.വിദ്യയേയും കുഞ്ഞിനേയും വേളാങ്കണ്ണിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്നായിരുന്നു മാഹിന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.
ഇവരെ കൂട്ടികൊണ്ടുവരാമെന്ന് പറഞ്ഞ് മാഹിനെക്കുറിച്ചും ഏറെക്കാലം യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് നാട്ടിലെത്തിയ ഇയാള്‍ കുടുംബവുമായി കഴിയുന്നതിനിടെ പൊലീസ് ചോദ്യം വിളിപ്പിച്ചു. ഇതിനിടെയാണ് മർദ്ദനമേറ്റെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ ഉത്തരവിൽനിന്ന് ഇയാൾ അതിവിദഗ്ധമായി പൊലീസ് അന്വേഷണത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
മാഹിൻകണ്ണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ച് മാഹിൻകണ്ണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപടലിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാതെ അന്വേഷണവുമായി സഹകരിക്കണമെന്നായിരുന്നു ഇയാൾക്ക് ലഭിച്ച നിർദേശം. എന്നാൽ പിന്നീട് പൊലീസിന് മുന്നിൽ എത്താതെ ഇയാൾ കടന്നുകളയുകയായിരുന്നു. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം ഇയാൾ സമ്മതിച്ചത്.
Post Your Comments