ഉത്തര്‍പ്രദേശ്: തിരക്കേറിയ ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന നെക്‌ലസ് മോഷ്ടിച്ച് സ്ത്രീ. ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ ഒരു ജ്വല്ലറിയിൽ നടന്ന മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കറുത്ത കണ്ണടയും മാസ്കും ധരിച്ച് ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീ നെക്‌ലസ് മോഷ്ടിച്ച് സാരിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
ഈ മാസം 17നാണ് സംഭവം. ജ്വല്ലറിയിൽ വിവിധ നെക്‌ലസുകൾ പരിശോധിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയെ വീഡിയോയിൽ കാണാം. കൗണ്ടറിൽ നിൽക്കുന്ന ജീവനക്കാരനോട് മറ്റ് നെക്‌ലസുകൾ കാണിക്കാൻ ഇവർ ആവശ്യപ്പെടുന്നുമുണ്ട്. ഇതിനിടെ ഒരു നെക്‌ലസ് ഇവർ വിദഗ്ധമായി സാരിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ഇതിനു ശേഷവും ഇവർ വിവിധ നെക്‌ലസുകൾ പരിശോധിക്കുന്നുണ്ട്.
അല്പസമയത്തിനു ശേഷം പിന്നീട് വരാമെന്നറിയിച്ച് ഇവർ ജ്വല്ലറിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. 7 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നെക്‌ലസാണ് മോഷണം പോയതെന്ന് ജ്വല്ലറി ഉടമ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments