തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. നടുവട്ടം ഗവ. യു പി സ്‌കൂളിൽ നവീകരിച്ച മോഡൽ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രീ പ്രൈമറി വിദ്യാഭ്യാസം ശിശു കേന്ദ്രീകൃതമാകേണ്ടതുണ്ട്. പാഠപുസ്തകത്തിനപ്പുറം അറിവ് കുട്ടികൾക്ക് പകരാനാകണം. ഭാവിയിൽ നാടിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വൈവിധ്യമാർന്ന നിലയിൽ അറിവിന്റെ ലോകത്തേക്ക് കടക്കുന്നതോടൊപ്പം കുട്ടികൾക്ക് മാനസിക ഉല്ലാസം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷ കേരള അനുവദിച്ച പത്തു ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിലെ മോഡൽ പ്രീ പ്രൈമറി നവീകരിച്ചത്. നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ കൃഷ്ണകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ഡി പി ഒ പ്രമോദ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർമാരായ കെ സുരേശൻ, എം ഗിരിജ ടീച്ചർ, വാടിയിൽ നവാസ്, കോഴിക്കോട് സൗത്ത് യുആർസി ബി പി സി വി.പ്രവീൺകുമാർ, പിടിഎ പ്രസിഡന്റ് പി രാജേഷ്, എം പി ടി എ ചെയർപേഴ്‌സൺ പി പി ഫസ്ലിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ എം മനോജ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ പി റഫീഖ് നന്ദിയും പറഞ്ഞു.
Post Your Comments