കൊച്ചി: ചെയ്യാത്ത തെറ്റിന് തന്റെ മകനെ കരുവാക്കുന്നു എന്ന ആരോപണവുമായി തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ സസ്പെന്‍ഷനിലായ സിഐ സുനുവിന്റെ അമ്മ. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവര്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റ് മറയ്ക്കാന്‍ തന്റെ മകന്റെ ജീവനെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നാണ് സിഐയുടെ അമ്മയുടെ ആരോപണം. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി തന്റെ മകനെ നാല്പത് മണിക്കൂര്‍ അനധികൃത കസ്റ്റഡിയില്‍ വച്ചതും കോടതിയില്‍ ചൂണ്ടിക്കാണിക്കും.
മകന്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇനി കോടതി മാത്രമാണ് ശരണമെന്നും അമ്മ സുധര്‍മ്മ രവീന്ദ്രന്‍ പറയുന്നു. താന്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണെന്നും, കൊച്ചി സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് കാരണക്കാരെന്നും വ്യക്തമാക്കി സി ഐ സുനു എഴുതിയ കത്തും പുറത്തുവന്നു.
കെട്ടിച്ചമച്ച കേസില്‍ ജീവിതം തകര്‍ന്നെന്നും കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ വഴിയുള്ളൂ എന്നും കാണിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഞായറാഴ്ചയാണ് സുനുവിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സിഐയ്ക്ക് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി. ബലാത്സംഗക്കേസില്‍ തെളിവില്ലെന്ന പേരില്‍ ചോദ്യം ചെയ്ത് വിട്ടയച്ച സിഐ വീണ്ടും ജോലിയില്‍ കയറിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്.
Post Your Comments