ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെനഗലിനെ തകർത്ത് നെതർലാൻഡ്സ്. രണ്ടാം പകുതിയിലെ അവസാന നിമിഷം വീണ രണ്ട് ഗോളിൽ ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടന്നു. ഇരു ടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചപ്പോൾ ഈ ലോകകപ്പിൽ ഇതുവരെയുള്ളതിൽ ഏറ്റവും വാശിയേറിയ മത്സരമായി മാറുകയായിരുന്നു സെനഗൽ നെതർലാൻഡ്സ് പോരാട്ടം.
കൂടുതൽ അവസരങ്ങൾ ഒരുക്കി കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സെനഗലായിരുന്നെങ്കിലും സാദിനോ മാനേ എന്ന അവരുടെ ഇതിഹാസത്തിന്റെ അഭാവം കളത്തിൽ പ്രകടമായിരുന്നു. ഗ്യാപ്കോയും ക്ലാസനുമാണ് ഡച്ച് സംഘത്തിനായി ഗോൾ വല കുലുക്കിയത്. പ്രതിരോധ നിരയിലേക്കിറങ്ങി കളി നിയന്ത്രിച്ച് കൊണ്ട് ഡി ജോങ്ങ് ആണ് നെതർലാൻഡ്സിന്റെ ആക്രമണങ്ങളുടെ ചുക്കാൻ പിടിച്ചത്.
62-ാം മിനിറ്റിൽ യാൻസനെ പിൻവലിച്ച് മെംഫിസ് ഡീപെയെ കളത്തിലിറക്കി ഓറഞ്ച് പട ആക്രമണം കടുപ്പിച്ചു. 65-ാം മിനിറ്റിൽ ഡി ജോങ്ങിന്റെ പിഴവ് മുതലെടുത്ത് മെൻഡി മുന്നോട്ട് കുതിച്ച് ഒരു മനോഹരമായ ത്രൂ ബോൾ ബോക്സിലേക്ക് നൽകി. ഡിയ അത് വിദഗ്ധമായി കയറിയെടുത്ത് ഫസ്റ്റ് ടൈം ഷോട്ട് പായിച്ചെങ്കിലും ഡച്ച് ഗോളി അത് ഒരുവിധം തട്ടിയകറ്റി.
അവസരങ്ങൾ ഉണ്ടാക്കിയെടുത്ത് കൊണ്ട് വാറ്റഫഡ് എഫ്സി താരം ഡച്ച് പ്രതിരോധത്തിന് തീരാ തലവേദനകൾ സൃഷ്ടിച്ചു. 84-ാം മിനിറ്റിൽ നെതർലാൻഡ്സ് അവരുടെ ടാർഗറ്റിലേക്കുള്ള ആദ്യ ശ്രമം കണ്ടെത്തി. ഡി ജോങ്ങ് ഉയർത്തിയ നൽകിയ പന്ത് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയപ്പോൾ എഡ്വാർഡോ മെൻഡി ചാടിയെത്തി കുത്തിയകറ്റാൻ നോക്കിയെങ്കിലും കോടി ഗ്യാപ്കോയുടെ ഹെഡർ വലയിലെത്തുന്നതിനെ തടയാൻ ആ ശ്രമത്തിനായില്ല.
സമനില ഗോളിനായി സെനഗൽ ആവും വിധം ശ്രമിച്ചു. പാപെ ഗുയേയുടെ 20 വാര അകലെ നിന്നുള്ള ഷോട്ട് ഡച്ച് ഗോളി സേവ് ചെയ്തു. ഒടുവിൽ പകരക്കാരനായി വന്ന ക്ലാസനിലൂടെ നെതർലാൻഡ്സ് അവരുടെ രണ്ടാം ഗോൾ സ്വന്തമാക്കി. ഡീപെയുടെ ഷോട്ട് മെൻഡി തടുത്തെങ്കിലും കാലിലേക്ക് വന്ന പന്ത് അനായാസം ക്ലാസൻ(90+9) വലയിലാക്കി.
Post Your Comments