നെടുംകുന്നം: കാൽനടക്കാരനായ വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി. നെടുംകുന്നം കണ്ടങ്കേരീൽ കെ.ടി.ജോസഫിനെ (74) ഇടിച്ചിട്ടശേഷം നിർത്താതെപോയ സ്കൂട്ടർ യാത്രക്കാരനെയാണ് കണ്ടെത്തിയത്.
അപകടസ്ഥലത്തു നിന്ന് കിട്ടിയ ഫോൺ പരിശോധിച്ചപ്പോഴാണ് കാഞ്ഞിരപ്പാറ വടക്കയിൽതാഴെ പി.ആർ.പ്രസാദാണ് (54) സ്കൂട്ടറോടിച്ചതെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന് ലൈസൻസ് ഇല്ലെന്നും കറുകച്ചാൽ പൊലീസ് പറഞ്ഞു.
Read Also : ഇനി ഇഷ്ടമുളള ഉൽപ്പന്നങ്ങൾ വാട്സ്ആപ്പ് വഴിയും വാങ്ങാം, പുതിയ ഫീച്ചർ ഇങ്ങനെ
കഴിഞ്ഞ ബുധനാഴ്ചയാണ് കെ.ടി.ജോസഫിനെ നെടുംകുന്നം പട്രോൾപമ്പിന് സമീപത്തുവെച്ച് സ്കൂട്ടറിടിച്ചത്. നെടുംകുന്നം കവലയിൽ നിന്ന് പള്ളിയിലേക്ക് പോകുമ്പോഴാണ് ജോസഫിനെ കറുകച്ചാൽ ഭാഗത്തുനിന്ന് മണിമല ഭാഗത്തേക്ക് പോയ സ്കൂട്ടറിടിച്ചത്. ജോസഫ് റോഡിൽ തെറിച്ചുവീഴുന്നത് കണ്ടിട്ടും പ്രസാദ് സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു.
തുടർന്ന്, തലപൊട്ടി രക്തം വാർന്നുകിടന്ന ജോസഫിനെ നാട്ടുകാരാണ് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടസ്ഥലത്തുനിന്ന് കിട്ടിയ മൊബൈൽ ഫോൺ ജോസഫിന്റേതാണെന്ന് കരുതി ആളുകൾ ബന്ധുക്കൾക്ക് കൈമാറി. ഇതാണ് സംഭവത്തിൽ പ്രധാന തെളിവായത്.
Post Your Comments