മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇരുപതു കോടിയുടെ കൊക്കെയ്നുമായി രണ്ട് ആഫ്രിക്കന്‍ വനിതകള്‍ പിടിയിലായി. മുംബൈയില്‍ വിമാനമിറങ്ങിയ വനിതകളില്‍ നിന്നും 2.8 കിലോ കൊക്കെയ്‌നാണ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോവാണ് ആഫ്രിക്കന്‍ വനിതകളെ അറസ്റ്റ് ചെയ്തത്.
മുന്‍കൂട്ടി വിവരം ലഭിച്ചതനുസരിച്ചുള്ള ശക്തമായ പരിശോധനയാണ് എന്‍സിബി നടത്തിയത്. എത്യോപ്യയിലെ അദിസ് അബാബയില്‍ നിന്നും മുംബൈയിലേയ്ക്ക് വന്നിറങ്ങിയ മിരാന്‍ഡ, മുസാ എന്നീ ആഫ്രിക്കന്‍ വനിതകളാണ് കൊക്കെയ്ന്‍ കയ്യില്‍ കരുതിയത്. എട്ടു ചെറു പായ്ക്കറ്റുകളിലാക്കിയാണ് കൊക്കെയ്ന്‍ വനിതകള്‍ ഒളിപ്പിച്ചത്. രണ്ടു ജോഡി ഷൂസുകള്‍ക്കുള്ളില്‍ നിന്നും രണ്ട് പേഴ്സുകളില്‍ നിന്നുമാണ് കോടികളുടെ മയക്കുമരുന്ന് കണ്ടെത്തിയത്.
മുംബൈ അന്ധേരിയിലെ പടിഞ്ഞാറന്‍ മേഖലയിലെ ഒരു ഹോട്ടലിലെത്തുമെന്നറിയിച്ച ഒരു വ്യക്തിക്ക് കൈമാറാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നും വനിതകള്‍ അറിയിച്ചു. വിമാനത്താവളത്തില്‍ യാത്രക്കാരെ നിരീക്ഷിച്ചു കൊണ്ടിരുന്ന നാര്‍ക്കോട്ടിക് സംഘത്തിന് ആഫ്രിക്കന്‍ വനിതകളുടെ പെരുമാറ്റത്തില്‍ തോന്നിയ സംശയമാണ് വിശദമായ പരിശോധനയിലേയ്ക്ക് നയിച്ചത്.
Post Your Comments