കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ് പ്രതിയായ സി.ഐ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചു. കോസ്റ്റല്‍ സി.ഐ പി.ആര്‍ സുനുവാണ് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിലെ മൂന്നാം പ്രതിയാണ് സുനു. ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലെത്തിയാണ് ഇയാള്‍ ചുമതലയേറ്റെടുത്തത്. കേസില്‍ തെളിവില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത സുനുവിനെ പോലീസ് വിട്ടയച്ചിരുന്നു.
അതേസമയം, താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് സുനുവിന്റെ പ്രതികരണം. കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലെന്നും സുനു പ്രതികരിച്ചിരുന്നു. നാല് ദിവസത്തോളമായിരുന്നു സുനുവിനെ പോലീസ് ചോദ്യം ചെയ്തത്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പത്ത് പ്രതികളുള്ള കേസില്‍ സി.ഐ സുനുവിനൊപ്പം നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് സി.ഐ സുനു അടക്കമുള്ളവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, പരാതി പ്രകാരം യുവതി രേഖപ്പെടുത്തിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൂടാതെ സുനുവിനെതിരെ തെളിവുകള്‍ ലഭിക്കാതിരുന്നതിനാല്‍ പോലീസ് വിട്ടയക്കുകയായിരുന്നു.
Post Your Comments