ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ഇന്നലെ റദ്ദാക്കിയിരുന്നു. ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ മുഖ്യാതിഥി ആയി എത്തിയത് നടി ഷക്കീലയായിരുന്നു. എന്നാൽ ഷക്കീലയാണ് എത്തുന്നതെങ്കിൽ പരിപാടി നടത്താനാകില്ല എന്ന് കോഴിക്കോട്ടെ മാൾ അധികൃതർ അറിയിക്കുകയായിരുന്നു. ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേൽ പ്രോഗ്രാം നടത്താം എന്നായിരുന്നു മാൾ അധികൃതർ അറിയിച്ചത്. സംഭവം വിവാദമായതോടെ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്.
ഷക്കീല ഒരു കലാകാരിയാണെന്നും സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമയെന്നും ശാരദക്കുട്ടി പറയുന്നു. അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ലെന്ന് എഴുത്തുകാരി ഫേസ്‌ബുക്കിൽ കുറിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് Programme നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചതായി വാർത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവർ പറഞ്ഞു.
ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ . പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല.
അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും . ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവർക്കൊപ്പം നിൽക്കാനും ആരുമുണ്ടാവില്ല.
സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?
Post Your Comments