മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുസന്ദം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന ഗവർണറേറ്റുകളിലും അൽ ഹജർ പർവത നിരകളിലുമാണ് മഴ ലഭിക്കുക.
ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, തിങ്കളാഴ്ച്ച മുതൽ യുഎഇയുടെ വിവിധ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 21 തിങ്കളാഴ്ച മുതൽ നവംബർ 23, ബുധനാഴ്ച വരെ രാജ്യത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകാനിടയുള്ളതായി കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
തെക്കുകിഴക്കൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിനൊപ്പം, തെക്കുകിഴക്കൻ ദിശയിൽ നിന്നും, വടക്കുകിഴക്കൻ ദിശയിൽ നിന്നും ഈർപ്പമുള്ള കാറ്റിനും സാധ്യതയുണ്ട്. യുഎഇയുടെ തീരപ്രദേശങ്ങളിലും, പടിഞ്ഞാറൻ പ്രദേശങ്ങളിലും ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Post Your Comments