നാലാം ക്ലാസുകാരി പാർവതി ഖുർ ആൻ ഓതുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന ഖുർആൻ പാരായണ മൽസരത്തിൽ ‘എ’ ഗ്രേഡോടെ ഇത്തവണ ഒന്നാം സ്ഥാനം നേടിയത് പാർവതിയാണ്. പെൺകുട്ടിയെ അഭിനന്ദിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്ത്. അറബി ഉച്ഛാരണം പെട്ടന്ന് വഴങ്ങുന്ന ഒന്നല്ലെന്നും മദ്രസ്സാ പഠനം നടത്താത്ത മുസ്ലിം കുട്ടികൾക്ക് പോലും ഖുർആൻ പാരായണം ചെയ്യാൻ അറിയില്ല എന്നിരിക്കെ നാലാം ക്ലാസ്സുകാരി പാർവതി കേൾക്കാൻ ഇമ്പമുള്ള സ്വരത്തിൽ ഉച്ഛാരണ ശുദ്ധിയോടെ ഖുർആൻ ഓതുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് ജലീൽ ഫെസ്‌ബുക്കിൽ കുറിച്ചു.
കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പാർവ്വതിയുടെ ഈണം തെറ്റാത്ത ഖുർആൻ പാരായണം!
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന ഖുർആൻ പാരായണ മൽസരത്തിൽ ‘എ’ ഗ്രേഡോടെ ഇത്തവണ ഒന്നാം സ്ഥാനം നേടിയത് പാർവ്വതിയാണ്. ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവ്വതി. ചെമ്മരത്തൂരിലെ പ്രഭാലയത്തിൽ ദിനപ്രഭയുടെയും നളീഷ് ബോബിയുടെയും മകൾ.
അറബി ഉച്ഛാരണം പെട്ടന്ന് വഴങ്ങുന്ന ഒന്നല്ല. നിരന്തരമായ പരിശീലനം നിർബന്ധമാണ്. അറബി മലയാളത്തിൽ എഴുതിയ പ്രവാചക സങ്കീർത്തനം ആലപിക്കാൻ അതിലെ അറബി വാക്കുകളുടെ ഉച്ഛാരണം പഠിക്കാൻ ഗാനഗന്ധർവൻ യേശുദാസ് എത്രയോ ദിവസങ്ങൾ പരിശീലനം നടത്തിയതായി കേട്ടിട്ടുണ്ട്.
അറബി ഭാഷ കിണഞ്ഞ് ശ്രമിച്ച് വശത്താക്കിയാൽ തന്നെ ഖുർആൻ ഈണത്തിൽ പാരായണം ചെയ്യാൻ എളുപ്പം കഴിഞ്ഞു കൊള്ളണമെന്നില്ല. മദ്രസ്സാ പഠനം നടത്താത്ത മുസ്ലിം കുട്ടികൾക്ക് പോലും ഖുർആൻ പാരായണം ചെയ്യാൻ അറിയില്ല. എന്നിരിക്കെ നാലാം ക്ലാസ്സുകാരി പാർവ്വതി കേൾക്കാൻ ഇമ്പമുള്ള സ്വരത്തിൽ ഉച്ഛാരണ ശുദ്ധിയോടെ ഖുർആൻ ഓതുന്നത് കേട്ടപ്പോൾ അൽഭുതം തോന്നി. ഒപ്പം അകമഴിഞ്ഞ സന്തോഷവും.
ഖുർആൻ മാനവരാശിക്കായി അവതീർണ്ണമായ ഗ്രന്ഥമാണ്. അത് മുസ്ലിംങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട്. ഗീത ഹിന്ദുക്കളുടേതും ബൈബിൾ ക്രൈസ്തവരുടേതും ഖുർആൻ മുസ്ലിങ്ങളുടേതുമാണെന്ന ചിന്ത തിരുത്തപ്പെടണം. എല്ലാ വേദഗ്രന്ഥങ്ങളും മുഴുവൻ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എല്ലാ വിശ്വാസങ്ങളെയും സങ്കീർണ്ണവും സങ്കുചിതവുമാക്കുന്നത് പൗരോഹിത്യമാണ്.
ഞാനിപ്പോൾ വിദ്വാൻ ഇസ്ഹാഖ് സാഹിബെന്ന സംസ്കൃത ഭാഷയിലെ ഗഹന ജ്ഞാനിയെ കുറിച്ച പഠനത്തിലാണ്. കരുനാഗപ്പള്ളി സ്വദേശിയായ അദ്ദേഹം ഭഗവത് ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് മൊഴിമാറ്റിയ മുസ്ലിം പണ്ഡിതനാണ്. അദ്ദേഹത്തിൻ്റെ പരിഭാഷകൾ ഏറെ പ്രശംസിക്കപ്പെട്ടത് അതിൻ്റെ സാഹിത്യ ചാരുത കൊണ്ടാണ്.
വിശുദ്ധ ഖുർആൻ്റെ അതിമനോഹരമായ പ്രഥമ മലയാള കാവ്യ പരിഭാഷ രചിച്ചത് ഒറ്റപ്പാലം സ്വദേശി കെ.ജി രാഘവൻ നായരാണ്. “അമ്യതവാണി”എന്ന പേരിൽ പ്രസിദ്ധമാണ് പ്രസ്തുത ഗ്രന്ഥം. ഖുർആന് മലയാളത്തിൽ ലളിത സാരം നടത്തിയവരിൽ വാണിദാസ് എളയാവൂരും ഉൾപ്പെടും.
എല്ലാ വേദ ഗ്രന്ഥങ്ങളുടെയും ഉള്ളടക്കവും പ്രതിപാദ്യവും ഏറെക്കുറെ ഒന്നാണ്. ഒരു വേദം മറ്റൊരു വേദത്തെയോ ഒരു പ്രവാചകൻ മറ്റൊരു പ്രവാചകനെയോ തള്ളിപ്പറഞ്ഞതായി അറിവില്ല. എല്ലാ മതക്കാരും വിശ്വസിക്കുന്ന വ്യത്യസ്ത പേരുകളിൽ വിളിക്കുന്ന ദൈവം ഒന്നാണ്. ഓരോ മതവിഭാഗക്കാർക്കും വെവ്വേറെ ദൈവങ്ങളായിരുന്നെങ്കിൽ ദേവ ലോകത്ത് കലാപങ്ങൾ ഒഴിഞ്ഞ ദിവസങ്ങൾ വിരളമായേനെ. മതങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കുചിത വേലിക്കെട്ടുകൾ തകർത്ത് സർവ്വമത പഠനം പ്രോൽസാഹിപ്പിക്കപ്പെടണം. അത് പരസ്പരമുള്ള അകൽച്ച ഇല്ലാതാക്കും. പാർവ്വതി അത്തരമൊരു പുതിയ സംസ്കാരത്തിൻ്റെ ഐക്കണാവട്ടെ. പാർവ്വതിക്കും പാർവ്വതിയുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ. പാർവ്വതിയെ ഖുർആൻ ഓതാൻ പരിശീലിപ്പിച്ച ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂളിലെ അദ്ധ്യാപിക റുഖിയ്യ ടീച്ചറർക്കും ആശംസകൾ.
Post Your Comments