
കൊച്ചി: താൻ നിരപരാധിയാണെന്ന് തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ വെളിപ്പെടുത്തൽ. കേസ് കെട്ടിച്ചമച്ചതാണെന്നും ജീവിതം വഴിമുട്ടിയെന്നും കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നും സുനുവിന്റെതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് സിഐ സുനു അയച്ചതാണ് ശബ്ദ സന്ദേശം. അതേസമയം, സുനു ആറ് കേസുകളിൽ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണെന്നും ആണ് പോലീസ് രേഖകൾ പറയുന്നത്.
ഞാൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കേസുകളാൽ ജീവിതം തകർന്നെന്നും സി ഐ സുനു ശബ്ദ സന്ദേശത്തിൽ പറയുന്നു. കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ വഴിയുള്ളു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തിലുണ്ട്. അതേസമയം, പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ സിഐ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിന് ശുപാർശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.
തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നയാളുടെ ഭാര്യയെയാണ് സുനു ബലാത്സംഗം ചെയ്തതായി പരാതി ഉണ്ടായത്. ഭർത്താവ് ജയിലിൽ കഴിയുന്നത് മുതലെടുത്ത് സി.ഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ നൽകിയ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിൽ വ്യക്തമായി പറയുന്നുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Post Your Comments