ന്യൂഡൽഹി: ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ യുവാവ് കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രദ്ധ എന്ന പെൺകുട്ടിയുടെ ശരീരം കാമുകൻ അഫ്താബ് അമീൻ പൂനവല്ല 35 കഷ്ണങ്ങളാക്കി മുറിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങളിൽ ശ്രദ്ധയുടെ തല ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഡൽഹി പോലീസ് നൽകുന്ന റിപ്പോർട്ട്.
കാണാതായ ഭാഗങ്ങൾ കണ്ടെത്താൻ ഡൽഹി പൊലീസ് തിരച്ചിൽ തുടരും. അഫ്താബ് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഏകദേശം ആറ് മാസം മുമ്പ് മെയ് മാസത്തിലാണ് ശ്രദ്ധയെ കാമുകൻ കൊലപ്പെടുത്തിയത്. വാക്കുതർക്കത്തിന് ശേഷം അഫ്താബ് അവളെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം 35 കഷ്ണങ്ങളാക്കി അടുത്ത 18 ദിവസത്തിനുള്ളിൽ സംസ്കരിച്ചു. കഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ദുർഗന്ധം അകറ്റാൻ ധൂപവർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്തു.
അഫ്താബ് നിരന്തരം ശ്രദ്ധയെ ഉപദ്രവിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിക്കുന്നത്. അഫ്താബും ശ്രദ്ധയും തമ്മിൽ പല വഴക്കുകളും തർക്കങ്ങളും ഉണ്ടാകുമായിരുന്നുവെന്ന് ശ്രദ്ധയുടെ സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ പറഞ്ഞു. ഒരിക്കൽ വീട്ടിലെത്തി തന്നെ രക്ഷിക്കണമെന്ന് വാട്സ് ആപ്പില്‍ ശ്രദ്ധ സന്ദേശം അയച്ചിരുന്നു. അഫ്താബിനൊപ്പം താമസിച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ശ്രദ്ധ പറഞ്ഞത്. തുടര്‍ന്ന് മറ്റ് ചില സുഹൃത്തുക്കളോടൊപ്പം ഛത്തർപൂരിലെ വീട്ടിലെത്തി ശ്രദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു. ശ്രദ്ധയ്ക്ക് അഫ്താബിനോടുള്ള സ്നേഹം കാരണമാണ് അന്ന് പൊലീസിനെ സമീപിക്കാതിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.
മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കോൾ സെന്‍ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് അഫ്താബിനെ പരിചയപ്പെടുന്നത്. താമസിയാതെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു. ഒരുമിച്ച് ജീവിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് അഫ്താബും ശ്രദ്ധയും ദില്ലിയിലേക്ക് ഒളിച്ചോടിയത്. ശ്രദ്ധ അഫ്താബിനെ വിവാഹത്തിനായി നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയിൽ പ്രശ്നങ്ങള്‍ വഷളായി. വഴക്കിനൊടുവിലാണ് അഫ്താബ് ശ്രദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
Post Your Comments