ഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും ഇത് നിർത്തലാക്കിയില്ലെങ്കിൽ വളരെ പ്രയാസമേറിയ സാഹചര്യം ഉടലെടുക്കുമെന്നും സുപ്രീം കോടതി. നിർബന്ധിത മതപരിവർത്തനത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ആത്മാർഥമായ പരിശ്രമമുണ്ടാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി വിലയിരുത്തി. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താനുളള അവകാശം ആർക്കും നൽകുന്നില്ലെന്നും ജസ്റ്റിസ് എംആർ ഷാ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ‘ഇത് വളരെ ഗൗരവമുള്ള കാര്യമാണ്, എല്ലാവർക്കും മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്, പക്ഷേ നിർബന്ധിത മതപരിവർത്തനത്തിലൂടെയല്ല. ഇത് വളരെ അപകടകരമായ കാര്യമാണ്.’ ബെഞ്ച് വ്യക്തമാക്കി.
ബൈക്കിൽ ബൈക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഇത്തരം മതപരിവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക നിയമം ഉണ്ടാക്കണമെന്നും അല്ലെങ്കിൽ നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കുറ്റം ചേർക്കണമെന്നും കേസിൽ ഹർജിക്കാരനായ അഭിഭാഷകൻ അശ്വനി ഉപാധ്യായ പറഞ്ഞു. പ്രശ്നം പ്രത്യേക മേഖലയിൽ മാത്രമുള്ളതല്ലെന്നും രാജ്യവ്യാപകമാണെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments