KeralaLatest NewsNews

ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്, ഇത് അര്‍ബുദ ലക്ഷണമാകാം: മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധര്‍

ദേഹം മുഴുവന്‍ അനുഭവപ്പെടുന്ന വിട്ടുമാറാത്ത, അസ്വസ്ഥയുണ്ടാക്കുന്ന ചൊറിച്ചില്‍ പലപ്പോഴും പലരും അവഗണിക്കാറാണ് പതിവ്. പുഴു ആട്ടിയതെന്നോ എട്ടുകാലി കടിച്ചതെന്നോ ഒക്കെ കരുതി ചൊറിച്ചില്‍ മാറാന്‍ ദേഹത്ത് മഞ്ഞളും പുരട്ടി ഇരിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ചൊറിച്ചിലിനെ അങ്ങനെ അങ്ങ് അവഗണിക്കരുതെന്ന് അര്‍ബുദരോഗ വിദഗ്ധന്മാര്‍ പറയുന്നു. കാരണം ദേഹത്തെ ചൊറിച്ചില്‍ അലര്‍ജി പ്രതികരണം കൊണ്ട് മാത്രമല്ല പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം കൊണ്ടും വരാം.

അടിവയറ്റില്‍ വയറിന് പിന്നിലായി കാണപ്പെടുന്ന ദഹനസംവിധാനത്തിന്റെ ഭാഗമായ അവയവമാണ് പാന്‍ക്രിയാസ്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ദഹനരസങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിച്ച് ഊര്‍ജോത്പാദനം നടത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും പാന്‍ക്രിയാസില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നു.

പാന്‍ക്രിയാസില്‍ ഉണ്ടാകുന്ന അര്‍ബുദം കരളില്‍ നിന്നുള്ള ബൈലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത് മൂലം ബൈലിലെ മഞ്ഞ നിറത്തിലുള്ള ബിലിറൂബിന്‍ ശരീരത്തില്‍ കെട്ടിക്കിടന്നാണ് ദേഹമാസകലം ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. ഇത് മഞ്ഞപിത്തത്തിനും ചര്‍മത്തിന്റെയും കണ്ണുകളുടെയും നിറം മാറ്റത്തിനും കാരണമാകാം. ചൊറിച്ചിലിന് പുറമേ അടിവയറ്റില്‍ തുടങ്ങി പുറം ഭാഗത്തേക്ക് പടരുന്ന അസ്വസ്ഥത, വിശപ്പില്ലായ്മ, ഭാരനഷ്ടം, മൂത്രത്തിന്റെ നിറം മാറ്റം, ക്ഷീണം, രക്തത്തില്‍ ക്ലോട്ടുകള്‍ തുടങ്ങിയവും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.

പുകവലി, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം, അമിതവണ്ണം, പ്രമേഹം, ജനിതക മാറ്റങ്ങള്‍ എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button