Latest NewsNewsLife Style

ഇളനീർ എപ്പോഴെല്ലാം കുടിക്കാം: വയറിളക്കം ബാധിച്ചവർ കരിക്ക് കുടിക്കാമോ?

ദാഹിച്ചുവലഞ്ഞു വരുമ്പോൾ ഒരു കരിക്ക് കുടിച്ചാൽ കിട്ടുന്ന തൃപ്തി അതൊന്ന് വേറെ തന്നെയാണ്. മലയാളികൾ ഇളനീർ എന്നും കരിക്കെന്നുമെല്ലാം വിശേഷിപ്പിക്കുന്ന ഈ പാനീയം പ്രകൃതി ദത്തമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഇളനീർ ഊർജ്ജോത്പാദനത്തിന് വലിയ പങ്കുവഹിക്കാൻ കഴിവുള്ള ഒരു പദാർത്ഥം കൂടിയാണ്.

വേനൽകാലമാണ് ഇളനീരിന് ഏറ്റവുമധികം ആരാധകരുള്ള സമയം. എപ്പോഴും ദാഹം അനുഭവപ്പെടുന്ന വേനൽക്കാലത്ത് സൂര്യന്റെ ചൂടിനെയും നിർജ്ജലീകരണത്തെയും മറികടക്കാൻ ഇളനീരിനെ നാം ആശ്രയിക്കാറുണ്ട്. ഒരു ഇളനീർ കുടിച്ചാൽ ദാഹം മാറുമെന്ന് മാത്രമല്ല ക്ഷീണമകലുമെന്നത് കൂടിയാണ് വസ്തുത.

ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അന്നേ ദിവസം ഇളനീർ കുടിക്കുന്നത് നല്ലതാണെന്ന് പഴമക്കാർ പറയാറുണ്ട്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കൾ വേണ്ടുവോളം കരിക്കിൽ അടങ്ങിയിരിക്കുന്നതിനാൽ ഇളനീർ കുടിക്കുമ്പോൾ ആരോഗ്യം തിരികെ കിട്ടുന്നു. അതിനാലാണ് വയ്യാതിരിക്കുമ്പോൾ ഇളനീർ കുടിക്കണമെന്ന് പറയാൻ കാരണം.

വയറിളക്കം ബാധിച്ചിരിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഒരു മരുന്നാണ് ഇളനീർ എന്നും ആരോഗ്യവിദഗ്ധർ പറയാറുണ്ട്. കാരണം വയറിളക്കം കാര്യമായി ബാധിക്കുമ്പോൾ ശരീരത്തിലെ ജലാംശം ഉൾപ്പെടെ സകലതും രോഗിക്ക് നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതേസമയം നാം ഇളനീർ കുടിക്കുകയാണെങ്കിൽ നിർജ്ജലീകരണം സംഭവിക്കുന്നത് പൊടുന്നനെ തടയപ്പെടുകയും വയറിളക്കം മൂലം അസന്തുലിതമായ ശാരീരിക അവസ്ഥകളെ ശരിയാക്കുകയും ചെയ്യുന്നു.

അധികമായാൽ അമൃതും വിഷമാണെന്നാണ് ചൊല്ല്. അതുപോലെ അമിതമായി ഇളനീർ കുടിക്കുന്നതും ചില ദൂഷ്യഫലങ്ങൾക്ക് കാരണമായേക്കും. ഇതിന് കാരണക്കാരനാകുന്നത് കരിക്കിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമെന്ന ഘടകമാണ്. ധാരാളം ഇളനീർ കുടിക്കുമ്പോൾ ശരീരത്തിലെത്തുന്ന പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് ചിലപ്പോൾ വീണ്ടും വയറിളക്കം സംഭവിക്കുന്നതിന് കാരണമായേക്കാം. കൂടാതെ, ശരീരത്തിൽ അമിതമായി പൊട്ടാസ്യം എത്തുമ്പോൾ ജലാംശത്തിന്റെ അളവ് അസന്തുലിതമാകുകയും വൃക്കസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. അതിനാൽ ഇളനീർ അമിതമായി കുടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button