തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറേയും വനിതാ ജീവനക്കാരേയും കയ്യേറ്റം ചെയ്ത സൈനികനെ അറസ്റ്റ് ചെയ്തു. ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ
ബന്ധു വീട്ടിൽ നിന്നും ആണ് സൈനികനെ പിടികൂടിയത്.
ഡോക്ടറെ കയ്യേറ്റം ചെയ്തതിനും വനിതാ ജീവനക്കാരെയും പൊലീസിനെയും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഡോക്റ്ററെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു.
വ്യാഴാഴ്ച്ച രാത്രിയാണ് കല്ലറ പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിൽ മദ്യ ലഹരിയിൽ വിമൽ വേണു അതിക്രമം കാട്ടിയത്. കാലിൽ മുറിവുമായെത്തിയ ഇയാളാട് എന്ത് സംഭവിച്ചതാണെന്ന് ചോദിച്ചതിനായിരുന്നു അതിക്രമം. ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്‌തു.
ആശുപത്രി ജീവനക്കാരുടെ പരാതിയിൽ സംഭവസ്ഥലത്തെത്തിയ പാങ്ങോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെയും അസഭ്യം പറഞ്ഞു. പോലീസ് കേസെടുത്തതിന് പിന്നാലെ വിമൽ ഒളിവിൽ പോയിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പത്തനംതിട്ട ജില്ലയിലെ താഴം എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പാങ്ങോട് പോലീസും ഷാഡോ ടീമും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആസാമിലെ തേജ്പൂരിൽ ആർമിയിലെ സിഗ്നൽ വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു.
Post Your Comments