പച്ചമുളക് ഇല്ലാത്ത മലയാളി അടുക്കള ഉണ്ടാവില്ല. ഒരു വിധം എല്ലാ കറികളിലും നാം ചേര്‍ക്കുന്നതാണ് പച്ച മുളക്. രുചി എരിവ് ആണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുളക്. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍ എന്നിവയുടെ മികച്ച ഉറവിടമാണ് പച്ച മുളക്. വിറ്റാമിന്‍ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
പച്ചമുളകിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
പച്ചമുളകിൽ കലോറി ഒട്ടും ഇല്ല എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന ഗുണം. ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഉപാപാചയപ്രവർത്തനങ്ങളെ വേഗത്തിലാക്കാനും ഇവ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പച്ച മുളക് അർബുദ സാധ്യതയെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു.
പച്ചമുളക് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്.
വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും പച്ചമുളക് നല്ലതാണ്. ഇരുമ്പിന്‍റെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
Post Your Comments