തിരുവനന്തപുരം: നഗരത്തിൽ വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. ഈഞ്ചയ്ക്കൽ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെ തുടർന്ന് വഞ്ചിയൂർ പോലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർത്ഥിനി കയറിയപ്പോൾ വെന്റിലേറ്ററിനു സമീപം ഫ്ലാഷിട്ട് മൊബൈൽ ഫോൺ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
കുട്ടി ബഹളം വെച്ചതോടെ മൊബൈലുമായി ഒരാൾ ഓടിപ്പോയതായാണ് പരാതി. എന്നാൽ, ഇയാളെ പരാതിക്കാരി കണ്ടില്ല. സംഭവം വിദ്യാർത്ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു.
പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു. കടകളിലെയും ഹോസ്റ്റലിലെയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Post Your Comments