ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം മഞ്ചുമലയിൽ പെൺപുലി ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക നിഗമനം. കരൾ, ശ്വാസകോശം എന്നിവയ്ക്ക് അണുബാധയുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, കെണിവച്ച് പിടിച്ചതിന്റെയോ, വിഷം ഉള്ളിൽ ചെന്നതിന്‍റെയോ ലക്ഷണങ്ങൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവ സാമ്പിളുകൾ വിശദ പരിശോധനക്കായി രണ്ടു ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി വന്നാൽ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാകൂവെന്നാണ് കോട്ടയം ഡി എഫ് ഒ രാജേഷ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെൺപുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. പോബ്സൺ എസ്റ്റേറ്റിനുള്ളിലെ വനമേഖലയോട് ചേർന്ന തോടിന്‍റെ കരയിൽ ആണ് പുലിയുടെ ജഡം കിടന്നിരുന്നത്. പെരിയാർ കടുവ സങ്കേതം അസ്സിസ്റ്റൻറ് വെറ്റിനറി ഓഫീസർ അനുരാജ്, വനംവകുപ്പ് കോട്ടയം വെറ്റിനറി ഡോക്ടർ അനുമോദ് എന്നിവർ ചേർന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്.
Post Your Comments