ജയ്പുർ: പ്രണയിച്ച വിദ്യാർത്ഥിനിയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക. ഭാരത്പുരിൽ നടന്ന സംഭവത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായ മീരയാണ് തന്റെ വിദ്യാർത്ഥിനിയായ കൽപന ഫൗസിദാറിനെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. മീര തന്നെ മുൻകൈ എടുത്താണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഇരുവരുടെയും വീട്ടുകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകളിൽ വച്ച് പരിചയപ്പെട്ട കൽപനയുമായി മീര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കബഡി കളിക്കാരിയായ കൽപനയുമായി ഗ്രൗണ്ടിൽവച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് മീര വ്യക്തമാക്കി. തുടർന്ന്, ദീർഘ നാളത്തെ പ്രണയത്തിന് ശേഷം കൽപനയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മീര, ആരവ് എന്ന പുരുഷനായി മാറുകയായിരുന്നു. ആരവിന് നാല് മൂത്ത സഹോദരിമാരാണ് ഉള്ളത്.
‘ഞാൻ ഒരു പെൺകുട്ടിയായാണ് ജനിച്ചതെങ്കിലും എന്റെ മനസിൽ എപ്പോഴും ഞാൻ ഒരു ആൺകുട്ടിയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഡിസംബർ 2019 നാണ് തന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്’ ആരവ് പറഞ്ഞു.
ആരവുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലായിരുന്നെങ്കിലും അദ്ദേഹത്തെ വിവാഹം കഴിച്ചേനെയെന്നും കൽപന വ്യക്തമാക്കി.
Post Your Comments