മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠിവ്രതം.
മക്കളില്ലാത്തവർക്ക് മക്കൾ ഉണ്ടാകാനും മക്കളുള്ളവർക്ക് അവരുടെ അഭിവൃദ്ധിക്കും ഷഷ്ഠി വ്രതം അനുഷ്ഠിക്കാം.
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെയുള്ള ആറു ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്ന ഫലമാണ് ഒരു സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുക എന്നാണ് വിശ്വാസം. ആറു ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനം.
സ്കന്ദഷഷ്ഠിയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങൾ പലതുണ്ട്. സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ സുബ്രഹ്മണ്യനെ സ്വരൂപത്തിൽ തന്നെ ലഭിക്കാനായി മാതാവായ ശ്രീപാർവതിദേവി 108 ഷഷ്ഠിവ്രതമെടുത്ത് പ്രത്യക്ഷപ്പെടുത്തിയതായാണ് ഒരു കഥ. താരകാസുര നിഗ്രഹത്തിനായി യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീമുരുകനെ യുദ്ധക്കളത്തിലെത്തിക്കാനായി ദേവന്മാർ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തിൽ പറയുന്നുണ്ട്.
ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാം മാസത്തിലെ ഷഷ്ഠി നാൾ എന്നത് മറ്റൊരു ഐതിഹ്യം. ശൂരപദ്മാസുരനുമായുള്ള യുദ്ധം നടക്കുമ്പോൾ അസുരന് തന്റെ മായാശക്തിയുപയോഗിച്ച് സുബ്രഹ്മണ്യനെ ആർക്കും കാണാൻ കഴിയാതെയാക്കി. ഈ സമയം ശ്രീപാർവതിയും ദേവഗണങ്ങളും വ്രതമനുഷ്ഠിച്ചു പ്രാർഥനയിൽ മുഴുകി . അസുര നിഗ്രഹം കഴിഞ്ഞപ്പോൾ സുബ്രഹ്ണ്യനെ എല്ലാവർക്കും കാണാൻ സാധിച്ചു. ഇതിനുശേഷം വ്രതം അവസാനിപ്പിച്ച് സന്തോഷചിത്തരായി ഭക്ഷണം കഴിച്ചുവെന്നാണ് വിശ്വാസം.
Post Your Comments