പ്രോട്ടീന്‍, വൈറ്റമിനുകള്‍, അവശ്യമായ കൊഴുപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ പോഷകമൂല്യം അധികമുള്ള ആഹാരവിഭവമാണ് നട്സ്. ദിവസവും നട്സ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും.
ആന്റി ഓക്സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ നട്സിന് വേറെയും പല ഗുണങ്ങളുമുണ്ട്. പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് ദീര്‍ഘകാലം അവ കേടാകാതെ ഇരിക്കും. പ്രത്യേകിച്ച് പാചകമോ തയാറെടുപ്പുകളോ കൂടാതെ എളുപ്പത്തില്‍ കഴിക്കാനും സാധിക്കും.
ഇത്തരം ആരോഗ്യഗുണങ്ങള്‍ മാത്രമല്ല അഴകിനും നട്സ് സഹായകമാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ നട്സിന്റെ ഉപയോഗം പ്രായത്തെ ചെറുക്കാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനാല്‍ പ്രായത്തിന്റെ ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് അധികം ദൃശ്യമാകില്ല.
ബദാമില്‍ കാല്‍സ്യവും വൈറ്റമിന്‍ ഇയും അടങ്ങിയിരിക്കുമ്പോൾ പിസ്ത വൈറ്റമിന്‍ ബി6നാലും പൊട്ടാസ്യത്താലും സമ്പന്നമാണ്. ഇത് കണ്ണുകള്‍ക്കും വളരെ നല്ലതാണ്. വാള്‍നട്സിലാകട്ടെ ആന്റിഓക്സിഡന്റുകളും ഒമേഗ-3 ആസിഡും നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും നിയന്ത്രിക്കാന്‍ സഹായിക്കും.
എന്നാല്‍, മിതമായ തോതില്‍ മാത്രം വേണം നട്സ് ഉപയോഗിക്കാന്‍. ഒരു പിടിയാണ് ഇതിന്റെ കണക്ക്. അമിതമായി ഉപയോഗിച്ചാല്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ കശുവണ്ടി പോലുള്ള നട്സ് ഭാര വര്‍ദ്ധനവിലേക്ക് നയിക്കാം. ഉപ്പ് ചേര്‍ത്ത് തയാറാക്കിയ നട്സും ഒഴിവാക്കണം.
Post Your Comments