തിരുവനന്തപുരം: ശബരിമല തീർത്ഥാടന പാതകളിൽ സഹായം നൽകുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈൽ ആപ്പ് നിർമ്മിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീർത്ഥാടകർക്ക് വൈദ്യസഹായം, കുടിവെള്ളം, മറ്റ് സഹായക കേന്ദ്രങ്ങൾ, കാനനപാതയിൽ പ്രത്യേകം സൂക്ഷിക്കേണ്ട സ്ഥലങ്ങൾ, വന്യമൃഗങ്ങൾ കാണപ്പെടാവുന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയതാവും ആപ്പ്. തീർത്ഥാടകർക്ക് ആപ്പിലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനും സൗകര്യമൊരുക്കും.
വനം വകുപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണ്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. മനുഷ്യ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനവും ശബരിമലയിൽ ഒരുക്കും. ളാഹ മുതൽ പമ്പ വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റസ്പോൺസ് ടീമിനെ നിയോഗിക്കും. എമർജൻസി മെഡിക്കൽ സെന്ററുകൾ, എക്കോ ഷോപ്പുകൾ എന്നിവയും പ്രവർത്തിക്കും. കാനന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഇക്കോ ഗാർഡ്, എലിഫന്റ് സ്‌ക്വാഡ്, സ്നേക് സ്‌ക്വാഡ് എന്നിവരെയും നിയമിക്കും. ഉദ്യോഗസ്ഥർ മാസ്‌ക് ധരിച്ചിരിക്കണം. ദേവസ്വം പ്രതിനിധി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സംയുക്ത പരിശോധന നടത്തി ഇനിയും അപകടകരമായ നിലയിൽ നിലനിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവർത്തനമാകണം വനം വകുപ്പിന്റേതന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആനത്താരകളിൽ വനം വകുപ്പ് സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതാണ്. തീർത്ഥാടകരുടെ സുരക്ഷമുൻനിർത്തി കാട്ടുപന്നികളെ കൂടുവച്ച് പിടിച്ച് ഉൾക്കാടുകളിലേക്ക് മാറ്റുന്ന പ്രവർത്തനത്തിന് പ്രാധാന്യം നൽകും. യോഗത്തിൽ അഡ്വ. പ്രമോദ് നാരായണൽ എംഎൽഎ, ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ, ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ, കോട്ടയം സബ് കളക്ടർ സഫ്ന നസ്റുദീൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഹൈറേഞ്ച് ആർ എസ് അരുൺ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വനം വന്യജീവി വിഭാഗം പി പി പ്രമോദ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, ഫോറസ്റ്റ് ജോയിന്റ് സെക്രട്ടറി ആർ രാജേഷ്, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ ഖോരി, പന്തളം രാജകൊട്ടാര പ്രതിനിധി നാരായണ വർമ്മ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Read Also: ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, പുതിയ പോസ്റ്റ് പേയ്ഡ് പ്ലാനുമായി വിഐ
Post Your Comments