കൊച്ചി: ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഖുല ഉൾപ്പെടെ മുസ്‌ലിം സ്ത്രീകൾക്ക് കോടതിക്കു പുറത്തുള്ള വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി നേരത്തെ അപ്പീൽ തീർപ്പാക്കിയിരുന്നു.
മുസ്‌ലിം സ്ത്രീക്കു വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അവകാശം സമ്പൂർണ അവകാശമാണെന്നും ഇക്കാര്യത്തിൽ ഭർത്താവിന്റെ സമ്മതം വേണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീക്ക് വിവാഹ മോചനം നേടാൻ ഭർത്താവിനോട് തലാഖ് ആവശ്യപ്പെടണമെന്നും ഖുല പോലുള്ള മാർഗങ്ങൾ ഏകപക്ഷീയമായ സമ്പൂർണ അവകാശം സ്ത്രീക്കു നൽകുന്നില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഖുല മാർഗം തേടാനുള്ള മുസ്‌ലിം സ്ത്രീയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും കോടതി നേരത്തെ അംഗീകരിച്ച നടപടി ക്രമങ്ങളെയാണു ഹർജിക്കാരൻ ചോദ്യം ചെയ്തത്.
തലാഖ് ആവശ്യം ഭർത്താവ് നിരസിച്ചാൽ ഖാസിയെയോ കോടതിയെയോ ആണ് സമീപിക്കേണ്ടതെന്നും ഹർജിക്കാരൻ വാദിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായ ഖുലയ്ക്കു ഭർത്താവിന്റെ അനുമതി വേണമെന്നും അറിയിച്ചു.
എന്നാൽ, മുസ്‌ലിം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹ മോചന മാർഗത്തിന് ഭർത്താവിന്റെ സമ്മതവുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തലാഖ് ആവശ്യം ഭർത്താവ് നിരസിച്ചാൽ മുസ്‌ലിം സ്ത്രീക്ക് വിവാഹ മോചനം നേടാൻ മാർഗമെന്തെന്ന് ഖുർആനിലും സുന്നയിലും വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Post Your Comments