തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നാളെ കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ ശൃംഖല തീർക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ഗ്രന്ഥശാലകളും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം ശൃംഖലയിൽ കണ്ണിചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ ശൃംഖലയ്ക്കായി കേന്ദ്രീകരിക്കും. ട്രയലിന് ശേഷം കൃത്യം മൂന്ന് മണിക്ക് തന്നെ ശൃംഖല തീർക്കും. ശേഷം എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കും. ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും നടക്കും.
വാർഡുകളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിലായിരിക്കും പരിപാടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കലാകായിക താരങ്ങളും ഉൾപ്പെടെയുള്ളവർ ഓരോ പരിപാടിയിലും പങ്കെടുക്കും. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും ശൃംഖല സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ലഹരിവിരുദ്ധ ശൃംഖലയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്കൊപ്പം കാൽലക്ഷം വിദ്യാർഥികളും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയിൽ പങ്കാളികളാകും.
വിവിധ ജില്ലകളിൽ ശൃംഖലയ്‌ക്കൊപ്പം ലഹരിക്കെതിരെ വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ പൊന്നാനി മുതൽ വഴിക്കടവ് വരെ 83 കിലോമീറ്റർ ദൈർഘ്യത്തിൽ ലഹരിവിരുദ്ധ ശൃംഖല തീർക്കും. വൈകുന്നേരം കേന്ദ്രീകരിക്കാൻ പ്രയാസമുള്ള മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങളിൽ, സൗകര്യപ്രദമായ സമയം നിശ്ചയിച്ച് പരിപാടി നടത്താം.
മയക്കുമരുന്നിനെതിരെ ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വിപുലമായ പ്രചാരണ പരിപാടികളിലൊന്നിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ഒക്ടോബർ ആറിന് മുഖ്യമന്ത്രിയാണ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡറായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി ലോഗോ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷിയോഗം വിളിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണവും പിന്തുണയും ഉറപ്പാക്കിയിരുന്നു. അതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥി/ യുവജനസംഘടകൾ, സർവ്വീസ് സംഘടനകൾ, വ്യാപാരിവ്യവസായി സംഘടനകൾ എന്നിവയുടെ യോഗവും വിളിച്ചുചേർത്തു. ജനപ്രതിനിധികൾ അദ്ധ്യക്ഷൻമാരായി സാമൂഹ്യ-സാമുദായിക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വാർഡുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സമിതികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
മത്സരങ്ങളും കലാജാഥകളും റാലികളും ഫ്‌ലാഷ് മോബും തെരുവ് നാടകങ്ങളും പ്രചാരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments