കോഴിക്കോട്: നൈംനാംവളപ്പ് കോതി ബീച്ചിൽ ഇന്നലെ വൈകുന്നേരം ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലായി. പൂര്‍ണമായും പഴയ അവസ്ഥയിലേക്കെത്തിയിട്ടില്ല. തിരമാലകള്‍ ഇല്ലാതെ നിശ്ചലാവസ്ഥയിലാണ്. ശാന്തമാണ് കടൽ ഇപ്പോൾ. വാർത്തയറിഞ്ഞ് ദൂര ഭാഗത്ത് നിന്ന് പോലും ആളുകൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തീരത്തു നിന്ന് അമ്പതു മീറ്ററോളം ആണ് കടൽ ഇന്നലെ ഉൾവലിഞ്ഞത്. ഇത് പ്രദേശത്ത് ആശങ്ക പടർത്തി.
നൈംനാംവളപ്പ് കോതി ബീച്ചിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. അപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കടല്‍ ഉള്‍വലിഞ്ഞ ഭാഗം വലിയ കുളം പോലെ കെട്ടിനില്‍ക്കുകയാണ്. ഇതിൽ കുറച്ച് ഭാഗത്തേക്കാണ് കടൽ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. കരയിലേക്ക് ചെളിയും മാലിന്യങ്ങളും വൻതോതിൽ അടിഞ്ഞുകൂടിയിട്ടുമുണ്ട്. സംഭവമറിഞ്ഞതോടെ നിരവധിപേരാണ് കാഴ്ചക്കാരായി കോതി ബീച്ചിലേക്കെത്തിയത്. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഇവിടെ കടല്‍ ഉള്‍വലിഞ്ഞിട്ടില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.
മാന്ത ഉള്‍പ്പടെയുള്ള മല്‍സ്യങ്ങള്‍ കരക്കടിയുന്നുണ്ട്. ആളുകള്‍ പ്ലാസ്റ്റിക്ക് കവറുകളുമായി എത്തി മത്സ്യങ്ങളെ പെറുക്കി എടുക്കുന്നുണ്ട്. ആളുകൾ എത്തിയതോടെ കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്തു ഇറങ്ങുന്നതിന് ആളുകള്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രാദേശികമായി കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം കാരണമായിരിക്കും ഈ പ്രതിഭാസമെന്നാണ് ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റർ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
Post Your Comments